സാക്ഷി മാലിക് 
INDIA

'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തത് രാജ്യത്തിന് അപമാനം'; നീതി ലഭിക്കും വരെ സമരം തുടരുമെന്ന് വനിതാ ഗുസ്തി താരങ്ങൾ

സമരം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടല്ലെന്നും വാർത്താസമ്മേളനത്തില്‍ താരങ്ങള്‍

വെബ് ഡെസ്ക്

ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റ് ഉണ്ടാകാത്തത് രാജ്യത്തിന് അപമാനമെന്ന് വനിതാ ഗുസ്തി താരങ്ങള്‍. ലൈംഗിക പരാതി ഉയർന്നിട്ടും ഇപ്പോഴും ബ്രിജ് ഭൂഷണെ വിവിധയിടങ്ങളിൽ പൂമാലയിട്ട് സ്വീകരിക്കുന്നു. സമരം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടല്ല. നീതി ലഭിക്കും വരെ പിന്നോട്ടില്ലെന്നും ഞായറാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തില്‍ താരങ്ങൾ പറഞ്ഞു.

ഡൽഹിയിലെ ജന്തർ മന്തറിൽ വനിതാ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്നിൽ കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയാണെന്ന ബ്രിജ് ഭൂഷന്റെ ആരോപണത്തിന് പിന്നാലെയാണ് താരങ്ങളുടെ പ്രതികരണം.

"ഞങ്ങൾ സംസാരിക്കുന്നത് ഹൃദയത്തിൽ നിന്നാണ്. രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടല്ല ഞങ്ങൾ സമരം നടത്തുന്നത്. പിന്തുണ അറിയിച്ച എല്ലാ കായിക താരങ്ങൾക്കും നന്ദി" താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാജ്യത്തെ സ്ത്രീകൾക്ക് പറയാനുള്ളത് കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കണമെന്ന് വനിതാ ഗുസ്തി താരം സാക്ഷി മാലിക് വാർത്ത വെബ്‌സൈറ്റായ 'ദ വയറിന്' നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. വനിതാ കായിക താരങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തി 'മൻ കി ബാത്' നടത്തുകയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കേൾക്കുകയും ചെയ്യണം.

സമരം എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഗുസ്തി താരങ്ങൾ

മൻ കി ബാത്തിന്റെ നൂറാം ദിനത്തിൽ പ്രധാനമന്ത്രി എന്തിനെ പറ്റി സംസാരിക്കണമെന്നാണ് കരുതുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാക്ഷി. "ഞങ്ങൾ എത്ര വർഷം കഷ്ടപ്പെട്ടാണ് ഇവിടെ വരെയെത്തിയതെന്നും ഞങ്ങൾ സഹിക്കേണ്ടി വന്ന ത്യാഗങ്ങൾ എന്തൊക്കെയെന്നും ദയവായി മനസിലാക്കുക! ഒളിംപിക്സിൽ മെഡൽ നേടുക എന്നത് എളുപ്പമല്ല" സാക്ഷി പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നതുൾപ്പെടെ ആരോപണങ്ങൾ ബ്രിജ് ഭൂഷണെതിരെ ഉണ്ടായിട്ടും ഇതുവരെ ഒരു നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ആരോപണം അന്വേഷിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സാക്ഷിയുടെ പ്രതികരണം.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ ലൈംഗികാരോപണ പരാതിയിൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ് വനിതാ ഗുസ്തി താരങ്ങൾ. വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തിലാണ് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നത്. ബ്രിജ് ഭൂഷണെതിരെ ഡൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് താരങ്ങളുടെ ആവശ്യം.

നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധം നടത്തുന്നത്. തെരുവിൽ ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഊഹിക്കുമാവുന്നതേയുള്ളു. പരിശീലനവും ഇവിടെ തന്നെയാണ് നടത്തുന്നത്. ഭാവിയില്‍ ഇങ്ങനെയുള്ള സംഭവങ്ങൾ വനിതാ താരങ്ങൾക്ക് ഉണ്ടാകാൻ പാടില്ല. അനീതിക്കെതിരെ ശബ്ദം ഉയർത്തണം. നിശബ്ദമായി നിന്നുകൊണ്ട് അനീതി അനുഭവിക്കേണ്ടവരല്ല ഇന്ത്യയിലെ സ്ത്രീകളെന്നും ഒളിംപിക്‌സ് മെഡൽ ജേതാവ് പറഞ്ഞു.

സമരം എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന നിലപാടിൽ തന്നെയാണ് ഗുസ്തി താരങ്ങൾ. നിരവധി കായിക താരങ്ങളും പ്രതിപക്ഷ നേതാക്കളുമെല്ലാം സമരക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ എന്നാണ് ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കുകയെന്ന് കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചോദിച്ചിരുന്നു.

വിജയം ഉറപ്പിച്ച് പ്രിയങ്ക, രാഹുല്‍, പ്രദീപ്‌ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്