INDIA

കോടതിയിൽ ഹാജരാക്കുന്നില്ല; എൽഗർ പരിഷത് കേസ് കുറ്റാരോപിതർ നിരാഹാരസമരത്തിൽ

കോടതി ഉത്തരവുണ്ടായിട്ടും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നില്ല

വെബ് ഡെസ്ക്

എൽഗർ പരിഷത് കേസിൽ ദീർഘകാലമായി ജയിൽവാസം അനുഭവിക്കുന്ന ഏഴ് മനുഷ്യാവകാശ പ്രവർത്തകർ നിരാഹാര സമരത്തിൽ. തടവിലാക്കപ്പെട്ടവരെ കോടതി നിർദേശമുണ്ടായിട്ടും കേസിന്റെ വാദം കേൾക്കലിനായി കോടതിയിൽ ഹാജരാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ മൂന്ന് വാദംകേൾക്കലുകളിളും കുറ്റാരോപിതരെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.

കോടതി ഉത്തരവുണ്ടായിട്ടും ഇന്നത്തെ വാദം കേൾക്കലിനും കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തലോജ സെൻട്രൽ ജയിലിൽ നിന്ന് ദക്ഷിണ മുംബൈയിലെ പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിലേക്ക് കൊണ്ടുപോകാൻ നവി മുംബൈ പോലീസ് എസ്കോർട്ട് ടീമിനെ നൽകാതിരുന്നതോടെയാണ് കോടതിയിൽ ഹാജരാക്കാൻ സാധിക്കാതിരുന്നത്. പിന്നാലെയാണ് ഏഴ് പേരും നിരാഹാര സമരം പ്രഖ്യാപിച്ചത്.

2017 ഡിസംബർ 31 ന് പുനെയിൽ നടന്ന എൽഗർ പരിഷത്ത് സമ്മേളനത്തിൽ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾക്ക് ഭീമ കൊറേഗാവിൽ നടന്ന അക്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2020 ഏപ്രിലിലാണ് 16 പേരെ അറസ്റ്റ് ചെയ്തത്. കുറച്ച് പേർക്ക് ജാമ്യം ലഭിക്കുകയും ഒരാൾ വിചാരണ വേളയിൽ മരിക്കുകയും ചെയ്തു. ഏഴു പുരുഷന്മാരും ഒരു സ്ത്രീയുമടക്കം എട്ട് പേർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

കേസിൽ അറസ്റ്റിലായി ബൈക്കുള വനിതാ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ജ്യോതി ജഗ്താപിനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മനുഷ്യാവകാശ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിംഗ്, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബു, തടവുകാരുടെ അവകാശ പ്രവർത്തകൻ റോണ വിൽസൺ, സാംസ്കാരിക പ്രവർത്തകരായ സാഗർ ഗോർഖെ, രമേഷ് ഗൈച്ചോർ, വിദ്രോഹി മാസികയുടെ എഡിറ്ററും എഴുത്തുകാരനുമായ സുധീർ ധവാലെ, ആദിവാസി അവകാശ പ്രവർത്തകൻ മഹേഷ് റാവുത്ത് തുടങ്ങിയവരാണ് നിലവിൽ നിരാഹാരസമരം ഇരിക്കുന്നത്.

കഴിഞ്ഞ വാദംകേൾക്കലിൽ, ഗാഡ്‌ലിങ്ങിനെയും മറ്റുള്ളവരെയും വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാക്കിയിരുന്നു. ശേഷം കേസിൽ അറസ്റ്റിലായ എല്ലാവരെയും ഇന്ന് നേരിട്ട്‌ ഹാജരാക്കാൻ കോടതി പോലീസിനോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആ ഉത്തരവ് പോലീസ് ലംഘിക്കുകയായിരുന്നു. കോടതിയിലെ വീഡിയോ കോൺഫറൻസിംഗ് സേവനത്തിൽ സാങ്കേതിക തകരാറുണ്ടായതിനാൽ ഓൺലൈനിലും ഹാജരാക്കാൻ കഴിഞ്ഞില്ല. കോടതിയിൽ ഹാജരാക്കാത്തതിനാൽ എല്ലാവരും നിരാഹാര സമരം നടത്താൻ തീരുമാനിച്ചുവെന്ന് ഗാഡ്ലിംഗ് അറിയിച്ചതായി മകൻ സുമിത് ദി വയറിനോട് പറഞ്ഞിട്ടുണ്ട്.

ഉത്സവങ്ങൾ, തെരഞ്ഞെടുപ്പുകൾ, വിഐപി സന്ദർശനങ്ങൾ തുടങ്ങിയ കാരണങ്ങൾ മൂലം, ജയിലിൽ നിന്ന് കോടതിയിലേക്കോ ആശുപത്രിയിലേക്കോ കൊണ്ടുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും അധികൃതർ ഈ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്തെ തടവുകാരെ ദീർഘകാലമായി ഇത്തരത്തിൽ കോടതിയിൽ ഹാജരാക്കാറില്ലെന്ന് അടുത്തിടെ മഹാരാഷ്ട്ര സമ്മതിച്ചിരുന്നു. വിവിധ കോടതികൾ പല തവണ സംസ്ഥാനത്തെ ഈ വിഷയത്തിൽ ശാസിച്ചിട്ടുമുണ്ട്.

ലോക്കൽ ആംഡ് പോലീസ് യൂണിറ്റിൽ അനുവദിക്കുകയും പുതിയ പൊലീസുകാരെ നിയമിക്കുകയും ചെയ്‌തെങ്കിലും ഇതിൽ മാറ്റമൊന്നും വന്നിട്ടില്ല.

എൽഗർ പരിഷത്തിലെ പ്രകോപനപരമായ പ്രസംഗങ്ങൾ ആണ് ഭീമ കോരേഗാവ് യുദ്ധസ്മാരകത്തിന് സമീപം അക്രമമുണ്ടാകാൻ കാരണമെന്നാണ് പോലീസ് ഭാഷ്യം. മാവോയിസ്റ്റുകളുടെ പിന്തുണയോട് കൂടിയാണ് പരിഷത്ത് നടന്നതെന്നും പൂനെ പോലീസ് പറഞ്ഞിരുന്നു. തുടർന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. കോൺക്ലേവിന് പിന്നിൽ മാവോയിസ്റ്റ് - ദേശവിരുദ്ധ ശക്തികളുടെ ഇടപെടൽ ഉണ്ടെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. കേസിൽ വിവിധ സാമൂഹ്യ പ്രവർത്തകരും ആക്ടിവിസ്റ്റുകളും പ്രതികളാണ്. ഇതിനെതിരെ നേരത്തെ തന്നെ വിമര്ശനമുണ്ടായിരുന്നു.

കവി വരവര റാവു, അക്കാദമിക് വിദഗ്ധരായ ആനന്ദ് തെൽതുംബ്ഡെ, ഷോമ സെൻ, മാധ്യമപ്രവർത്തകൻ ഗൗതം നവലാഖ, അഭിഭാഷകരായ സുധ ഭരദ്വാജ്, അരുൺ ഫെരേര, ആക്ടിവിസ്റ്റ് വെർനൺ ഗോൺസാൽവസ് എന്നിവർക്ക് ജാമ്യം ലഭിച്ചവരിൽ ഉൾപ്പെടുന്നു. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ കഴിയവെ 2021ല്‍ ജൂലൈയില്‍ മരിച്ചിരുന്നു.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം