തെലങ്കാനയിൽ നാല് ഭരണകക്ഷി എംഎൽഎമാരെ പണം നല്‍കി കൂറുമാറ്റാൻ ശ്രമിച്ച കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. നവംബർ 21ന് ഹൈദരാബാദിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കെതിരായ നീക്കം.
കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസിൽ പോലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് തെലങ്കാന പോലീസിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസിൽ പോലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് തെലങ്കാന പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞമാസമാണ് കൂറുമാറുന്നതിനായി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എംഎൽഎമാരെ ഒരു സംഘം സമീപിച്ചത്. ഫാം ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ എംഎൽഎമാർ കൂറുമാറുന്നതിനായി നൂറു കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാൽ, സംഭവം പുറത്തായതിന് പിന്നാലെ എംഎൽഎമാരെ സമീപിച്ച മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ സതീഷ് ശർമയെന്ന രാമചന്ദ്ര ഭാരതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. ഇദ്ദേഹത്തിൻറെ സുഹൃത്തായ ജഗ്ഗുസ്വാമിയെ തേടി പ്രത്യേക അന്വേഷണ സംഘം നേരത്തെ കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ ഇടപെടലിനെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തുറന്നടിച്ചിരുന്നു.
തെലങ്കാനയിൽ ഓപ്പറേഷൻ താമരയുടെ ഭാഗമായി എംഎൽഎമാരെ പണം നൽകി കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഈ മാസം 21ന് തന്നെയാണ് അദ്ദേഹത്തോടും ഹൈദരാബാദിൽ ഹാജരാകണമെന്ന് തെലങ്കാന പോലീസാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് തെലങ്കാന പോലീസ് നോട്ടീസ് നൽകിയത്.
2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ മാസമാണ് കെസിആർ തന്റെ പാർട്ടിയെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട് പേര് മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിആർഎസിൽ നിന്നും എംഎൽഎമാരെ കൂറുമാറ്റുന്നതിലേക്ക് ബിജെപിയുടെ ഭാഗത്ത് നിന്നും നീക്കങ്ങൾ ആരംഭിച്ചത്. കൂടാതെ, തന്റെ പാർട്ടിയെ ബിജെപി വേട്ടയാടുന്നുവെന്ന് ആരോപിച്ച് കെസിആർ വാർത്താസമ്മേളനം വിളിക്കുകയും ചില വീഡിയോകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. നാല് എംഎൽഎമാരെയും വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച വീഡിയോ ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ കെസിആർ കാണിച്ചത്.
എന്നാൽ, ആരോപണങ്ങൾ ബിജെപി നിഷേധിച്ചിരുന്നു. കെസിആർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച വീഡിയോകൾ വാടകയ്ക്കെടുത്ത അഭിനേതാക്കളുടെ റെക്കോർഡിങ്ങാണെന്നാണ് ബിജെപി പറഞ്ഞത്. അതേസമയം, കൂറുമാറ്റത്തിനായി ബിജെപി നേതാക്കൾ സമീപിച്ച ടിആർഎസ് എംഎൽഎമാർ ബിജെപിയ്ക്കെതിരെ രംഗത്ത് വന്നു. ബിജെപി മുന്നോട്ട് വച്ച ഓഫർ സ്വീകരിച്ചില്ലെങ്കിൽ സിബിഐ പോലുള്ള ദേശീയ അന്വേഷണ ഏജൻസികളെക്കൊണ്ട് തങ്ങൾക്കെതിരെ കേസെടുക്കുമെന്നാണ് എംഎൽഎമാർ പറഞ്ഞത്. ഇക്കാര്യം ടിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുടെ പരാതിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഇത് സംബന്ധിച്ച കേസ് സിബിഐ പോലുള്ള അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന ബിജെപിയുടെ അപേക്ഷ ഹൈക്കോടതി ഈ ആഴ്ച ആദ്യം തളളിയിരുന്നു. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) വിഷയം അന്വേഷിക്കുന്നത്.