INDIA

പാർട്ടി ഒന്നടങ്കം സിദ്ധരാമയ്യയ്ക്ക്‌ പിന്നിലുണ്ട്; അഴിമതി ആരോപണത്തെ നേരിടാൻ കോൺഗ്രസ് സജ്ജം

വെബ് ഡെസ്ക്

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഭൂമി ഇടപാടിൽ തിരിമറി നടത്തിയെന്ന ബിജെപിയുടെയും ജെഡിഎസിന്റെയും ആരോപണത്തിൽ, കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായും സിദ്ദരാമയ്യയ്ക്കൊപ്പം നിൽക്കുകയാണ്. പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് നിർമിച്ചുനൽകാനുള്ള 14 സ്ഥലങ്ങൾ വകമാറ്റി സിദ്ധരാമയ്യ തന്റെ ഭാര്യയുടെ പേരിൽ 89.73 കോടി രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു ആരോപണം. കർണാടക കോൺഗ്രസിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വം പൂർണമായും തനിക്കൊപ്പം നിൽക്കുന്നു എന്ന സമാധാനത്തിൽകൂടിയാണ് സിദ്ധരാമയ്യ. ആരോപണങ്ങൾക്കിടയിലും സിദ്ധരാമയ്യയുടെ നേതൃത്വം ചോദ്യംചെയ്യാതെ പാർട്ടി എന്തുകൊണ്ട് അദ്ദേഹത്തിനൊപ്പം നിൽക്കുന്നു? തന്റെ അധികാരസ്ഥാനം നഷ്ടപ്പെടില്ല എന്ന വിശ്വാസത്തിലേക്ക് എങ്ങനെ സിദ്ധരാമയ്യ എത്തുന്നു?

കഴിഞ്ഞ ദിവസമാണ് കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സിദ്ധരാമയ്യയ്ക്കെതിരെയുള്ള അന്വേഷണനടപടികൾ തുടരാനുള്ള അനുമതി നൽകുന്നത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അസോസിയേഷന്റെ സ്ഥലമാണ് സിദ്ധരാമയ്യ ഭാര്യയുടെ പേരിൽ തട്ടിയെടുത്തത് എന്നാണ് പുറത്ത് വന്ന ആരോപണം. കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയെ പിന്തുണച്ചുകൊണ്ട് ഇന്ന് രംഗത്ത് വന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായും നേതൃത്വം നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്തു. ഹരിയാനയിലും ജമ്മു കാശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതുകൊണ്ട് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു നീക്കവും പാർട്ടി ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന ധൈര്യത്തിലാണ് സിദ്ധരാമയ്യ.

ഇനി അങ്ങോട്ട് തിരഞ്ഞെടുപ്പ് ചൂടായതുകൊണ്ടുതന്നെ വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ട് ദേശീയ നേതൃത്വം തന്നെ രംഗത്ത് വന്നു. അതുകൊണ്ട്‌ സംസ്ഥാന നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ തൽക്കാലത്തേക്ക് പുറത്തുവരില്ല എന്ന ആശ്വാസം പാർട്ടി നേതൃത്വത്തിനുണ്ട്.

കഴിഞ്ഞ നാല് വർഷമായി ഡികെ ശിവകുമാർ കയ്യാളുന്ന കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനം മറ്റാരിലേക്കെങ്കിലും മാറ്റണമെന്നും, ഡികെയെ കൂടാതെ വേറെയും ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നുമുള്ള ആവശ്യങ്ങൾ പാർട്ടിയിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യം സിദ്ധരാമയ്യയുടെ പിന്തുണയോടെ ഉയരുന്നതാണെന്നാണ് ഡികെപക്ഷം കരുതുന്നത്. അതിനു ബദലായി സിദ്ധരാമയ്യയെ മാറ്റി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന വാദം ഡികെ ശിവകുമാർ പക്ഷവും ഉന്നയിക്കുന്നു.

കർണാടക കോൺഗ്രസിനുള്ളിൽ ഈ വടംവലി നടക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്ന സമയത്താണ് സിദ്ധരാമയ്യയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള അനുമതി ഗവർണർ നൽകുന്നത്. ഗവർണറുടെ അനുമതിയുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നപ്പോൾ എല്ലാവിധ ആത്മവിശ്വാസത്തോടെയും സിദ്ധരാമയ്യ മാധ്യമങ്ങൾക്കു മുന്നിൽ താൻ രാജിവയ്ക്കില്ല എന്ന് പ്രഖ്യാപിച്ചു. അതിനുള്ള പ്രധാനപ്പെട്ട കാരണം സിദ്ധരാമയ്യയെ മാറ്റാൻ നിലവിലെ സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന് സാധിക്കില്ല എന്നതാണ്. കർണാടകയിലെ പ്രധാനപ്പെട്ട ഒബിസി നേതാവാണ് അദ്ദേഹം. ഇന്ത്യ സഖ്യവും കോൺഗ്രസ്സും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം പിന്നാക്ക വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതുകൊണ്ടു തന്നെ സിദ്ധരാമയ്യയെ പോലൊരു നേതാവിനെ നേതൃത്വത്തിന് തള്ളാൻ സാധിക്കില്ല. കുറുബ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ. കർണാടകയിലെ പ്രബലമായ ഒബിസി വിഭാഗമാണ് കുറുബ.

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണം ഉയരുന്നത്. എന്നാൽ തൽസ്ഥാനത്ത് തുടരാമെന്ന ആത്മവിശ്വാസമാണ് കഴിഞ്ഞ ദിവസം ആരോപണങ്ങൾക്ക് മറുപടിയായി കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞ വാക്കുകൾ സിദ്ധരാമയ്യയ്ക്കു നൽകുന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്നുമുള്ള മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന ബിജെപിയുടെ നീക്കം രാജ്യത്തെപാവപ്പെട്ടവരെയും ദളിത് പിന്നാക്ക വിഭാഗങ്ങളെയും ആക്രമിക്കാനുള്ള ശ്രമമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നിയമനടപടികൾക്ക് അനുമതി നൽകിയ ഗവർണർ ബിജെപിയുടെ കയ്യിലെ പാവയാണെന്നും തന്റെ യജമാനന്മാരുടെ താളത്തിനൊത്ത് തുള്ളുന്ന ഗവർണർ ഭരണഘടനയെപോലും അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് എന്നും സുർജേവാല പറഞ്ഞു.

ഈ ശ്രമത്തിലൂടെ കർണാടകയിലെ ജനങ്ങളുടെവോട്ട്നേടാൻ സാധിക്കുമെന്നാണ് ബിജെപി കരുതുന്നതെന്നും. ഗവർണറുടെ ഓഫീസ് ഉപ്രയോഗിച്ച് കോൺഗ്രസ് സർക്കാരിനെആക്രമിക്കുക, കോൺഗ്രസ് ജനങ്ങൾക്ക് ഉറപ്പു നൽകിയ അഞ്ച് ഗ്യാരണ്ടികൾ തകർക്കുക എന്നിവയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സുർജേവാല കൂട്ടിച്ചെർത്തു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യമെമ്പാടും സംഘടനാ സംവിധാനം കെട്ടിപ്പടുക്കാൻ കോൺഗ്രസിന് ഉർജ്ജമായിമാറിയത് കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയമായിരുന്നു. ആ വിജയത്തിൽ നിന്നാണ് പിന്നീട് തെലങ്കാന, അതിനു ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിങ്ങനെ ആത്മവിശ്വാസമുയർത്തുന്ന വിജയങ്ങളിലേക്ക് കോൺഗ്രസ് സഞ്ചരിച്ചത്. അതുകൊണ്ടു തന്നെ കർണാടകയിലെ സംഘടനാ സംവിധാനം തകരുക എന്നത് കോൺഗ്രസിനെ ദേശീയ തലത്തിൽ തന്നെ സാരമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് എന്തുവിലകൊടുത്തും സംഘടന ഒത്തോരുമിച്ച് നിന്ന് കർണാടക സർക്കാരിനെയും സംഘടനയെയും പിടിച്ചുനിർത്തും.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ