മേഘാലയ മുഖ്യമന്ത്രിയായി നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ് കോൺറാഡ് സാങ്മ മാർച്ച് 7 ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഗവർണർ ഫഗു ചൗഹാന് രാജിക്കത്ത് സമർപ്പിച്ച സാങ്മ പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കുകയും ചെയ്തിരുന്നു. 60 സീറ്റുകളുള്ള മേഘാലയ നിയമസഭയിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) 26 സീറ്റ് നേടിയിരുന്നു. തനിക്ക് 32 എംഎൽഎമാരുടെ കേവല ഭൂരിപക്ഷമുണ്ടെന്നാണ് സാങ്മ അവകാശപ്പെടുന്നത്. ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
''ഞങ്ങൾക്ക് കേവല ഭൂരിപക്ഷമുണ്ട്. ബിജെപി ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ചില പാർട്ടികളും പിന്തുണ നൽകിയിട്ടുണ്ട്''- സാങ്മ പറഞ്ഞു. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സാങ്മ കഴിഞ്ഞ ദിവസം ബിജെപിയുടെ പിന്തുണ തേടിയിരുന്നു. തുടർന്ന് മേഘാലയയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് നാഷണൽ പീപ്പിൾസ് പാർട്ടിയെ പിന്തുണയ്ക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പാർട്ടിയുടെ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടു. ഇന്നലെ സാങ്മയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഖ്യം സ്ഥാപിച്ചത്.
കേവല ഭൂരിപക്ഷമായ 31 സീറ്റുകൾ പിടിച്ചാൽ മാത്രമേ സർക്കാർ രൂപീകരണം സാധ്യമാകുകയുള്ളൂ. 60 അംഗ നിയമസഭയിൽ 26 സീറ്റുകളുമായി എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ബിജെപി രണ്ട് സീറ്റ് നേടി. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ബിജെപിയുമായുള്ള സഖ്യം സാങ്മ ഉപേക്ഷിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരണത്തിന് ചെറുപാർട്ടികളുടെ സഹായം ആവശ്യമായ സാഹചര്യത്തിലാണ് കഴിഞ്ഞ സർക്കാരിൽ സഖ്യകക്ഷിയായിരുന്ന ബിജെപിയെയും മറ്റുള്ളവരെയും എൻപിപി ആശ്രയിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപിയെ കൂടാതെ എൻപിപിക്ക് പിന്തുണ നല്‍കിയ മറ്റ് പാർട്ടികൾ ആരാണെന്നത് വ്യക്തമല്ല.
എൻപിപിയുടെ സഖ്യകക്ഷിയായിരുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി തിരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ കക്ഷിയായി. തൃണമൂൽ കോൺഗ്രസും കോൺഗ്രസും അഞ്ച് സീറ്റുകൾ വീതം നേടി.