INDIA

ഹരിയാന കലാപം: സംഘർഷ ദിവസം അവധിയിലായിരുന്ന നുഹ് എസ് പിയെ സ്ഥലം മാറ്റി, സോഷ്യല്‍ മീഡിയ പോസ്റ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം

സംസ്ഥാനത്ത് ക്രമസമാധാനവും സാമുദായിക സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു.

വെബ് ഡെസ്ക്

ഹരിയാനയിലെ നുഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായ ദിവസം അവധിയിലായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പോലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ലയെ ഭിവാനിയിലേക്കാണ് മാറ്റിയിരിക്കുന്നത്. നരേന്ദ്ര ബിജാര്‍നിയ ഐപിഎസിന് നൂഹിന്റെ അധിക ചുമതല നല്‍കി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  അവധിയിലായതിനാൽ, ഘോഷയാത്രയ്ക്കിടെ വരുൺ സിംഗ്ലയുടെ അഭാവത്തിൽ ബിജാർനിയ ആയിരുന്നു നുഹിന്റെ അധിക ചുമതല വഹിച്ചിരുന്നത്.

അതേസമയം, നുഹില്‍ അക്രമത്തിന് കാരണമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. പ്രകോപനപരമായ പോസ്റ്റുകളുടെ പേരില്‍ ഷാഹിദ്, ആദില്‍ ഖാന്‍ മന്നക്ക, 'ഷായര്‍ ഗുരു ഘണ്ടാള്‍' എന്നീ പേരുകളിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. നുഹിന്റെ സൈബർ സെല്ലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.

ഷാഹിദ് അഞ്ച് പോസ്റ്റുകളും ഒന്ന് ആദിലും 'ഷായര്‍ ഗുരു ഘണ്ടാള്‍' അക്കൗണ്ടില്‍ നിന്ന് രണ്ട് പോസ്റ്റുകളും അപ്ലോഡ് ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. പ്രതികളിലൊരാളായ ആദില്‍ സമൂഹ മാധ്യമങ്ങളില്‍ അപമര്യാദയായി പാട്ടുകള്‍ പോസ്റ്റ് ചെയ്യുകയും ചില വര്‍ഗീയ പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നുഹ് പോലീസ് ഇതുവരെ ഏഴ് എഫ്ഐആറുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. സംഘർഷത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന ജൂലൈ 31 മുതലുള്ള 2,300 ഓളം വീഡിയോകള്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് ക്രമസമാധാനവും സാമുദായിക സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. സമൂഹ മാധ്യമങ്ങളിലെ വീഡിയോകള്‍, ഫോട്ടോഗ്രാഫുകള്‍, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രകോപനപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കും. നുഹിലെ കലാപത്തിന് ആക്കം കൂട്ടുന്നതില്‍ സമൂഹ മാധ്യമങ്ങൾക്കും നിര്‍ണായക പങ്കുണ്ടെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞിരുന്നു. ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍, പശുക്കടത്ത് ആരോപിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോനു മനേസറിന്റെ പങ്കും പോലീസ് അന്വേഷിക്കും.

വിഎച്ച്പിയും ബജ്‌റംഗ്ദളും നടത്തിയ 'ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര' യിലാണ് ഹരിയാനയിലെ വർഗീയ സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മോനു മനേസർ എന്നയാൾ ഘോഷയാത്രയിൽ പങ്കെടുക്കുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതാണ് സംഘർഷങ്ങൾക്ക് വഴിവച്ചത്. മോനു മനേസർ പ്രകോപനപരമായ വീഡിയോ സന്ദേശം പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്.

കലാപത്തിൽ ഇതുവരെ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും ഉൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് 176 പേരെ അറസ്റ്റ് ചെയ്യുകയും 78 പേരെ പ്രതിരോധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. നുഹിൽ 46 പേരും ഗുരുഗ്രാമിലെ 23 പേരും ഉൾപ്പെടെ അഞ്ച് ജില്ലകളിലായാണ് 176 പേരെ അറസ്റ്റ് ചെയ്തത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം