ബിഹാറില്‍ കളം മാറ്റി ചവിട്ടി എന്‍ഡിഎ ക്യാമ്പിലെത്തിയ നിതീഷ് കുമാറിന്റെ പുതിയ മന്ത്രിസഭയില്‍ ബിജെപിയുടെ രണ്ട് ഉപമുഖ്യമന്ത്രിമാരാണുള്ളത്. വിജയ് സിന്‍ഹയും സാമ്രാട്ട് ചൗധരിയും. നിതീഷ് നടത്തിയ ജാതി സെന്‍സസിന്റെ ഫലം ഒബിസി, മുന്നാക്ക വിഭാഗത്തില്‍ നിന്ന് രണ്ട് നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കി തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. ബിജെപി ബിഹാര്‍ സംസ്ഥാന അധ്യക്ഷനാണ് സാമ്രാട്ട് ചൗധരി. നിതീഷ് കുമാര്‍ മഹാസഖ്യത്തിനൊപ്പമായിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്നു വിജയ് സിന്‍ഹ.
ആരാണ് സാമ്രാട്ട് ചൗധരി?
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ബിഹാര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി സാമ്രാട്ട് ചൗധരി ചുമതലയേറ്റത്. ബിജെപിയുടെ ഒബിസി മുഖങ്ങളില്‍ പ്രധാനിയായ നേതാവ്. ബിജെപി മുന്നാക്ക വിഭാഗക്കാരുടെ പാര്‍ട്ടിയാണെന്ന പ്രചാരണം ചെറുക്കുന്നതിന്റെ ഭാഗമായാണ് ചൗധരിയെ പാര്‍ട്ടി അധ്യക്ഷനാക്കിയത്. ഏഴ് വര്‍ഷം മുന്‍പ് ആര്‍ജെഡിയില്‍ നിന്നാണ് ചൗധരി ബിജെപിയിലെത്തിയത്. റാബ്‌റി ദേവി, ജിതന്‍ റാം മാഞ്ചി, നിതീഷ് കുമാര്‍ മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു. 2014-ല്‍ ജെഡിയു ക്യാമ്പിലെത്തിയ ചൗധരി 2018-ല്‍ ബിജെപിയിലെത്തി. 2022-ല്‍ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചപ്പോള്‍ അദ്ദേഹത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ചൗധരി രംഗത്തെത്തിയിരുന്നു. എന്നാല്‍, നിതീഷ് വീണ്ടും എന്‍ഡിഎയിലേക്ക് എത്തുന്നു എന്ന സൂചനകള്‍ ലഭിച്ചതോടെ ചൗധരിയുടെ പ്രതികരണങ്ങള്‍ മയപ്പെട്ടു. ബിജെപി കേന്ദ്രനേതൃത്വം എന്തു തീരുമാനം എടുത്താലും അതിനൊപ്പം നില്‍ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരാണ് വിജയ് കുമാര്‍ സിന്‍ഹ?
64-കാരനായ വിജയ് കുമാര്‍ സിന്‍ഹ ബിജെപിയുടെ നിയമസഭ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2020-2022 നിതീഷ് കുമാര്‍ സര്‍ക്കാരില്‍ സ്പീക്കറായിരുന്നു. നിതീഷ് മഹാസഖ്യത്തിനൊപ്പം ചേര്‍ന്നപ്പോള്‍ ആര്‍ജെഡി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനം രാജിവച്ചു. ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് സിന്‍ഹ. എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ വിജയ് സിന്‍ഹ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനാണ്.
ഒബിസി വിഭാഗത്തില്‍ നിന്നും മുന്നാക്ക വിഭാഗത്തില്‍ നിന്നും രണ്ട് പ്രമുഖ നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കിയതിലൂടെ, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജാതി സമവാക്യ സാധ്യതകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. നിതീഷ് കുമാറിന്റെ ജാതി സെന്‍സസ് നടത്താനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തതും സെന്‍സസ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് രംഗത്തെത്തിയതും അടക്കമുള്ള വിഷയങ്ങളെ സാമ്രാട്ട് ചൗധരിയെ ഉപമുഖ്യമന്ത്രിയാക്കിയതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. സവര്‍ണ പാര്‍ട്ടിയെന്ന ആരോപണത്തെ മറികടക്കാന്‍ ഈ നീക്കത്തിലൂടെ ബിജെപി ശ്രമിക്കുന്നു.
അതേസമയം, ഒബിസിക്കാരെ കൂടെനിര്‍ത്തുമ്പോള്‍ തന്നെ, തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കായ ഭൂമിഹാര്‍ ബ്രാഹ്‌മണര്‍ അടക്കമുള്ള മുന്നോക്ക സമുദായങ്ങളെ പിണക്കാനും ബിജെപി തയാറാല്ല. അതുകൊണ്ടാണ് ഈ വിഭാഗത്തിലെ പ്രബല നേതാവായ വിജയ് സിന്‍ഹയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയിരിക്കുന്നത്. 40 ലോക്‌സഭ സീറ്റുകളാണ് ബിഹാറിലുള്ളത്. അതുകൊണ്ടുതന്നെ, ബിജെപിക്ക് എന്തുവിലകൊടുത്തും ബിഹാര്‍ പിടിക്കേണ്ടത് നിര്‍ണായകമാണ്. 17 സീറ്റും 24.1 ശതമാനം വോട്ടുമാണ് 20019-ല്‍ ബിജെപിക്ക് ബിഹാറില്‍ ലഭിച്ചത്. ജെഡിയുവിന് 16 സീറ്റും 22.3 ശതമാനം വോട്ടും ലഭിച്ചു.