ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പാര്‍ട്ടി പങ്കെടുക്കും. പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തില്‍ നിന്നും ബിജെഡി വിട്ടുനില്‍ക്കും. നേരത്തെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി തുടങ്ങിയ പാര്‍ട്ടികളും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് . ജനാധിപത്യത്തിന്റെ ആത്മാവിനെത്തന്നെ പാർലമെന്റിൽ നിന്ന് പറിച്ചെടുത്ത് കൊണ്ടിരിക്കുമ്പോൾ ഒരു പുതിയ കെട്ടിടത്തിന് വലിയ പ്രാധാന്യമില്ലെന്ന് ബുധനാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി പറയുന്നു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ പൂർണമായും മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ് ഇത്. രാഷ്ട്രപതിയാണ് രാജ്യത്തിന്റെ മേധാവി. പാർലമെന്റിന്റെ അഭിവാജ്യ ഘടകവുമാണ്. രാഷ്ട്രപതിയില്ലാതെ പാർലമെന്റിന് പ്രവർത്തിക്കാൻ കഴിയില്ല. എന്നിട്ടും രാഷ്ട്രപതിയെ മാറ്റി നിർത്തി പ്രധാനമന്ത്രി ഉദ്‌ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു. സവർക്കറിന്റെ ജന്മദിനമായ മെയ് 28നാണ് ഉദ്‌ഘാടനം നിശ്ചയിച്ചിരിക്കുന്നത്.