ഒഡിഷയില്‍ ഭാഷാ സ്‌നേഹമുയര്‍ത്തിയുള്ള മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പ്രചാരണ നീക്കത്തെ ചെറുക്കാന്‍ കൂടുതല്‍ അക്രമോത്സുക മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. ഒഡിഷ ഒഡിയക്കാര്‍ക്ക്' എന്ന കടുത്ത പ്രാദേശികവാദമുയര്‍ത്തിയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം നടക്കാന്‍ പോകുന്ന ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇതായിരിക്കും തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത്.
ഭാഷ മുതല്‍ സാംസ്‌കാരിക മൂല്യങ്ങള്‍ വരെ ഉയര്‍ത്തിക്കാട്ടി തന്റെ കോട്ടകാത്തുവരുന്ന നവീന്‍ പട്‌നായിക്കിന് മുന്നില്‍, കോണ്‍ഗ്രസ് ഏറ്റവും അപകടകരമായ മുദ്രാവാക്യമാണ് ഇത്തവണ ഉയര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒഡിഷക്കാരുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി ആരംഭിച്ചിരിക്കുന്ന ക്യാമ്പയിന്‍ മുന്‍പ് മഹാരാഷ്ട്രയില്‍ ശിവസേന ഉയര്‍ത്തിയ മറാത്തവാദത്തിന്റെ മറ്റൊരു പകര്‍പ്പിലേക്ക് മാറുമോയെന്ന ചോദ്യം ബാക്കിയാക്കുന്നു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പിന്തുടര്‍ച്ചക്കാരനെന്ന് പരക്കെ ചര്‍ച്ചകളുയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട് സ്വദേശിയുമായ വികെ പാണ്ഡ്യനെക്കൂടി ലക്ഷ്യം വച്ചുള്ളതാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രചാരണം.
''സര്‍ക്കാരിന്റെ 35,000 കോടിയുടെ പദ്ധതിക്ക് കരാർ നല്‍കിയിരിക്കുന്നത് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്കാണ്. ഒഡിഷയില്‍ കരാറുകാരൻ ഇല്ലാഞ്ഞിട്ടാണോ? പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരും എവിടെയാണ് പോയത്?'', മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചതാണിത്. ഈ ചോദ്യത്തില്‍നിന്ന് വ്യക്തമാണ്, പാണ്ഡ്യനാണ് കോൺഗ്രസിന്റെ ആദ്യ ഉന്നം, രണ്ടാമത് ഒഡിയ പ്രാദേശികവാദം ഉയര്‍ത്തി നവീന്‍ പട്‌നായിക്കിനെതിരെ ജനവികാരമുണ്ടാക്കുക.
ഒഡിഷക്കാരുടെ പണമെല്ലാം പുറത്തുനിന്നുള്ളവര്‍ കൊണ്ടുപോവുകയാണെന്നും അതുകൊണ്ടാണ് സംസ്ഥാനം ഇപ്പോഴും ദരിദ്രമായി തുടരുന്നതെന്നും അജോയ് കുമാര്‍ പറയുന്നു. രാഷ്ട്രീയക്കാരാണ് ഭരണകാര്യങ്ങള്‍ ചലിപ്പിക്കേണ്ടതെന്നും അതിന് ഒഡിഷക്കാര്‍തന്നെ വേണമെന്നും അജോയ് പറയുന്നു.
വി കെ പാണ്ഡ്യനെ ലക്ഷ്യം വച്ചുള്ള ആക്രണം, മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച പാണ്ഡ്യന്‍, ബിജെഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലേക്ക് കടന്നുകഴിഞ്ഞു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ '5 ടി'യുടെ (ടീം വര്‍ക്ക്, ടെക്‌നോളജി, ട്രാന്‍സ്പരന്‍സി, ട്രാന്‍സ്ഫര്‍മേഷന്‍, ടൈം ലിമിറ്റ്) സെക്രട്ടറിയായിരിക്കുമ്പോഴാണ് വി കെ പാണ്ഡ്യന്‍ സ്വയം വിരമിക്കാനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്.
വി ആര്‍ എസ് അനുമതി ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം പാണ്ഡ്യനെ ക്യാബിനറ്റ് പദവിയോടെ 5 ടി പദ്ധതിയുടെ ചെയര്‍മാനായി ഒഡിഷ സര്‍ക്കാര്‍ നിയമിച്ചു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് കീഴില്‍ നേരിട്ടാണ് പാണ്ഡ്യന്റെ നിയമനം. ഇതിന് പിന്നാലെ, ഫെബ്രുവരിയില്‍ നടത്താന്‍ പോകുന്ന'ബിശ്വ ഒഡിയ ഭാഷാ സമ്മിളനി'യുടെ ചുമതലയും പാണ്ഡ്യനാണ് നവീന്‍ പട്‌നായിക് നല്‍കിയിരിക്കുന്നത്.
ദേശീയ, അന്താരാഷ്ട്ര ഭാഷാപണ്ഡിതരെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയെ 'ഒഡിയ ഭാഷയുടെ ഉത്സവം' എന്നാണ് പാണ്ഡ്യന്‍ വിശേഷിപ്പിക്കുന്നത്. ഈ പരിപാടിയോടെ, ബിജെഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഇത് മനസ്സിലാക്കിയാണ് കൂടുതല്‍ പ്രകോപനപരമായ മുദ്രാവാക്യവുമായി കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നത്.
നവീന്‍ പട്‌നായിക്കിന്റെ ഭാഷ വച്ചുള്ള കളിയെ കോണ്‍ഗ്രസ് ആദ്യംമുതല്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട്. ക്ലാസിക് ഭാഷയായി പ്രഖ്യാപിച്ച ഒഡിയയെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ബിശ്വ ഒഡിയാ ഭാഷ സമ്മിളിനി നടത്തുന്നത് പ്രഹസനമാണ് എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍വകലാശാലകളിലും ഒഡിയ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുമ്പോള്‍ പട്നായിക്കിന്റെ ഭാഷാ പ്രേമം വോട്ടിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, തീവ്ര പ്രാദേശികവാദവുമായി പാര്‍ട്ടി രംഗപ്രവേശനം ചെയ്യുന്നത്.
പക്ഷേ, ഈ പ്രാദേശികവാദ പ്രചാരണത്തില്‍നിന്ന് കോണ്‍ഗ്രസിന് എന്തുനേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്. കാരണം ചരിത്രം പരിശോധിച്ചാല്‍, കോണ്‍ഗ്രസ് ഉയര്‍ത്തിവിട്ട ഭാഷാ, പ്രാദേശികവാദ പ്രചാരണങ്ങള്‍ക്കെല്ലാം പില്‍ക്കാലത്ത് ഗുണഭോക്താക്കളായത് ബിജെപിയും സംഘപരിവാറുമാണ് എന്നതാണ് വസ്തുത.