ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 തന്നെയെന്ന് ഒഡിഷ സർക്കാർ. 278 പേരാണ് മരിച്ചതെന്നായിരുന്നു ഇതുവരെയുള്ള ഔദ്യോഗിക വിവരം. ആദ്യം സർക്കാർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 288 പേർ മരിച്ചെന്നായിരുന്നു. വീണ്ടും സർക്കാരത് പുതുക്കി 275 ഉം പിന്നീടത് 278ഉം ആക്കി.
ഇതേതുടർന്ന് കണക്കുകളിലെ അവ്യക്തത ദുരൂഹമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോൺഗ്രസടക്കമുള്ള പ്രതിപക്ഷപാർട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മരിച്ചത് 288 പേർ തന്നെയാണെന്ന് ഒഡിഷ സർക്കാർ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച വരെ 275 പേരാണ് മരിച്ചെന്നായിരുന്നു വിവരമെന്നും പിന്നീട് കൂടുതല്‍ മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ 288 ആയി ഉയർന്നെന്നും ഒഡിഷ ചീഫ് സെക്രട്ടറി പി കെ ജെന പറഞ്ഞു. കണ്ടെടുത്ത 288 പേരില്‍ 205 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
അപകടത്തിൽ മരിച്ച ഒഡിഷ സ്വദേശികൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 1 .95 കോടി ധന സഹായം നൽകുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധന സഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.
'നിലവിൽ ഭുവനേശ്വർ എയിംസ് ആശുപത്രിയിലാണ് 83 മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹെല്പ് ലൈൻ നമ്പറുകളിൽ ധാരാളം അന്വേഷങ്ങൾ എത്തുന്നുണ്ട്. എല്ലാ മൃതദേഹവും തിരിച്ചറിയാൻ കഴിയുമെന്നുമുള്ള വിശ്വാസത്തിലാണ് സർക്കാർ. പരുക്കേറ്റവരുടെ ചികിത്സയ്ക്കും മൃതദേഹം അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള ചെലവുകള്‍ സർക്കാർ തന്നെ വഹിക്കും' ചീഫ് സെക്രട്ടറി അറിയിച്ചു.
അതേസമയം, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എൻഡിആർഎഫ് പ്രവർത്തകർ ദുരന്തമുഖത്ത് കടുത്ത സമ്മർദം നേരിടുന്നതിനാല്‍ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രത്യേകം കൗൺസിലിങ് നല്‍കുമെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു. ആകെ ഒൻപത് എൻഡിആർഎഫ് സംഘങ്ങളാണ് രക്ഷാ പ്രവർത്തന രംഗത്തുണ്ടായിരുന്നത്.
'രക്ഷാപ്രവർത്തകർക്ക് സംഭവങ്ങൾ വലിയ ആഘാതമുണ്ടാക്കി. ചിലർക്ക് വെള്ളം കാണുമ്പോൾ പോലും രക്തമായി തോന്നുന്നു, ചിലർക്കാകട്ടെ ഭക്ഷണം കഴിക്കാനാകുന്നില്ല. പലരും ശാരീരികവും മാനസികവുമായ വിവിധ സംഘർഷങ്ങളിലൂടെ കടന്നുപോകുകയാണ്'- വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദുരന്ത പ്രതികരണ ശേഷി വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുമ്പോള്‍ എൻഡിആർഎഫ് ഡയറക്ടർ പറഞ്ഞു.