കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു അഞ്ചല്‍ സ്വദേശി ഉത്ര എന്ന യുവതിയുടേത്. ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നു. ഭാര്യയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനായിരുന്നു കൊലപാതകം.
ഏതാണ്ട് ഇതേ മോഡല്‍ മറ്റൊരു കൊലപാതകം കൂടി പുറത്തുവന്നിരിക്കുകയാണ് ഒഡിഷയിലെ ബെര്‍ഹംപുര്‍ എന്ന സ്ഥലത്തുനിന്ന്. ഇരുപത്തിയഞ്ചുകാരനായ യുവാവ് ഭാര്യയെയും രണ്ടു വയസുകാരിയായ മകളെയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചുകൊന്നതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് ഒന്നര മാസം കഴിഞ്ഞാണ് പ്രതി അറസ്റ്റിലായത്.
ഗഞ്ചം ജില്ലയിലെ ആദിഗാവ് സ്വദേശായ കെ ഗണേഷ് പത്രയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ കെ ബസന്തി പത്ര, മകള്‍ ദേബാശ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. 2020ലാണ് ഗണേഷും ബസന്തിയും വിവാഹിതരാകുന്നത്. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഗണേഷിനെതിരേ സ്ത്രീധനപീഡനത്തിന് ബസന്തി പോലീസില്‍ പരാതി നല്‍കി.
ഒക്ടോബര്‍ ആറിനാണ് കൊലപാതകം നടന്നത്. പ്ലാസ്റ്റിക് ജാറില്‍ കൊണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ ബസന്തിയും മകളും ഉറങ്ങുന്ന മുറിയിലേക്ക് ഗണേഷ് തുറന്നുവിടുകയായിരുന്നു. ഗണേഷ് മറ്റൊരു മുറിയിലാണ് കിടന്നത്. രാവിലെ ഭാര്യയും മകളും മരിച്ചു കിടക്കുന്നതുകണ്ട് ഗണേഷ് നിലവിളിച്ച് നാട്ടുകാരെ കൂട്ടി. തുടര്‍ന്ന് പോലീസെത്തുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മരണം പാമ്പുകടിയേറ്റാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാല്‍, മകളുടെ മരണത്തില്‍ സംശയം തോന്നിയ ബസന്തിയുടെ പിതാവാണ് ഗഞ്ചം എസ് പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗണേഷ് പിതാവിന്റെ പേരില്‍ മറ്റൊരു സിം സ്വന്തമാക്കിയിരുന്നെന്ന് കണ്ടെത്തി. ഈ സിമ്മില്‍നിന്ന് ചില പാമ്പാട്ടിമാരെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.
ബസന്ത ആചാര്യ എന്ന പാമ്പാട്ടിയില്‍നിന്നാണ് ഗണേഷ് മൂർഖനെ വാങ്ങിയത്. കുടുംബക്ഷേത്രമായ ശിവക്ഷേത്രത്തിലേക്ക് പൂജക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. അറസ്റ്റിലായ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു.