INDIA

ഒഡിഷ ട്രെയിൻ ദുരന്തം; ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് റെയിൽവേ

വെബ് ഡെസ്ക്

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഏഴ് റെയിൽവേ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സിബിഐ അറസ്റ്റ് ചെയ്ത മൂന്ന് ജീവനക്കാരുൾപ്പെടെ ഏഴ് ജീവനക്കാരെയാണ് റെയിൽവേ സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതെന്ന് റെയിൽവേ അധികൃത‍ർ വ്യക്തമാക്കി. അപകടദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ, ബാലസോറിലെ ട്രാഫിക് ഇൻസ്‌പെക്ടർ, സിഗ്നൽ ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ഡിവിഷണൽ ടെലികോം എഞ്ചിനീയർ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് ജീവനക്കാർ.

വെള്ളിയാഴ്ചയാണ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് സൗത്ത് ഈസ്റ്റേൺ റെയിൽവേ (എസ്ഇആർ) പുറപ്പെടുവിച്ചത്. അതേസമയം, സസ്പെൻഷനിലായ ജീവനക്കാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അനിൽ കുമാർ മിശ്ര പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും മിശ്ര പറഞ്ഞു.

ബുധനാഴ്ച ബഹനാഗ ബസാർ, ബാലസോർ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ സസ്‌പെൻഷൻഡ് ചെയ്തത്. ഭദ്രക് മുതൽ ഖരഗ്പൂർ വരെയുള്ള മുഴുവൻ പാതയും പരിശോധിച്ച് വരികയാണെന്ന് റെയിൽവേ ഓഫീസർ അറിയിച്ചു.

സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ എംഡി അമീർ ഖാൻ, ടെക്‌നീഷ്യൻ പപ്പു കുമാർ എന്നിവരെ ജൂലൈ ഏഴിന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ഐപിസി സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ), 201 (കുറ്റത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാകുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിന് പിന്നാലെ മൂവരെയും അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയാക്കി, ചൊവ്വാഴ്ച വീണ്ടും ഹാജരാക്കിയ പ്രതികളെ നാല് ദിവസത്തെ അധിക റിമാൻഡിന് വിടുകയും ചെയ്തു.

ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ചെന്നൈയിലേക്കുള്ള കോറോമാണ്ഡല്‍ എക്‌സ്പ്രസ്, ഹൗറയിലേക്കുള്ള ഷാലിമാര്‍ എക്‌സ്പ്രസ്, ചരക്ക് ട്രെയിന്‍ എന്നീ മൂന്ന് ട്രെയിനുകളാണ് ദുരന്തത്തില്‍പെട്ടത്. അപകടത്തില്‍ 288 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് ഒരുമാസം പിന്നിട്ടെങ്കിലും ഇനിയും 41 മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറാനുണ്ട്. ഡിഎൻഎ ക്രോസ് മാച്ചിങ് റിപ്പോർട്ടുകൾ ലഭ്യമാകാത്തതാണ് കാരണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും