INDIA

ഒഡിഷയിലേത് ഒഴിവാക്കാമായിരുന്ന അപകടമെന്ന് രക്ഷപെട്ടവർ; ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുന്നു

രക്ഷപെട്ടവരില്‍ 250 പേരടങ്ങുന്ന ആദ്യ സംഘത്തെ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു

വെബ് ഡെസ്ക്

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ രക്ഷപെട്ടവരെ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. അപകടത്തില്‍ അത്ഭുതകരമായി രക്ഷപെട്ടവരുടെ ആദ്യ സംഘത്തെയാണ് പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചത്. തമിഴ്നാട് സർക്കാര്‍ ഇടപെട്ടാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തിയത്. ചെന്നൈയിലെത്തിയ 250 പേരടങ്ങുന്ന സംഘത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 മലയാളികളുമുണ്ട്. ഇവര്‍ പത്തനംതിട്ട, തൃശൂർ, കൊല്ലം സ്വദേശികളാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

ചെന്നൈയിലെത്തിച്ച 250 പേരടങ്ങുന്ന സംഘത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 മലയാളികള്‍

സുരക്ഷാ വീഴ്ചയും മാനുഷിക പിഴവുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്നാണ് യാത്രക്കാർ പറയുന്നത്. ആദ്യ അപകടമുണ്ടായി കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് രക്ഷപെട്ട യാത്രക്കാർ പുറത്തിറങ്ങവേയാണ് ഹൗറ എക്സ്പ്രസ്സ് ഇടിച്ച് അപകടമുണ്ടായത്. ഇത് ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും സമയോചിതമായ ഇടപെടലിലൂടെ അപകടത്തിന്റെ ആക്കം കുറയ്ക്കാൻ സാധിക്കുമായിരുന്നെന്നും അവർ പറയുന്നു.

കോറമണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ്, ഒരു ചരക്ക് ട്രെയിൻ എന്നിവയാണ് ബാലസോറിൽ അപകടത്തില്‍പെട്ടത്. അപകടത്തിൽ 288 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ സംഖ്യ 800 കടന്നു. ഇതിൽ 56 പേരുടെ നില അതീവ ​ഗുരുതരമായി തന്നെ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും മറ്റുള്ളവരെ വൈദ്യപരിശോധനയ്ക്ക് ശേഷം നാട്ടിലെത്തിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ട്രാക്കുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരവേ, തെറിച്ചുപോയ ബോഗികൾ നീക്കം ചെയ്യുന്നതിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

തിരിച്ചറിയാനാകാതെ നൂറിലധികം മൃതദേഹങ്ങളാണ് പല ആശുപത്രികളിലും ഉള്ളത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ഭുവനേശ്വർ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, രക്ഷാപ്രവർത്തനത്തില്‍ 1100 പേരെ രക്ഷപെടുത്തി. ഇതില്‍ അഞ്ഞൂറിലധികം പേർ പല ആശുപത്രികളിലായി ചികിത്സയിലാണ്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ താറുമാറായ റെയിൽ ഗതാഗതം ഇന്ന് തന്നെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. മറിഞ്ഞ ബോഗികൾ നീക്കം ചെയ്തതായും ട്രാക്ക് ഒരു വശത്ത് ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) ആദിത്യ കുമാർ പറഞ്ഞു. “മറിഞ്ഞ ബോഗികൾ നീക്കം ചെയ്തു. ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് ബോഗികളും നീക്കം ചെയ്‌തു. ഇതോടൊപ്പം ട്രാക്ക് ബന്ധിപ്പിക്കുന്ന ജോലികൾ വേഗത്തില്‍ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ