'ഓല'യുടെ ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് വിതരണ ശൃംഖലയെ പ്രാദേശികവൽക്കരിക്കാനായി ഏറ്റവും വലിയ പദ്ധതിയുമായി തമിഴ്നാട്. 76.1 ബില്യൺ രൂപ മുതൽ മുടക്കിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഹബ്ബ് നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ തമിഴ്‌നാട് സർക്കാരുമായി ഒല ശനിയാഴ്ച ഒപ്പുവച്ചു. കൃഷ്ണഗിരി ജില്ലയിൽ ബാർഗൂരിലെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ്‌നാട് ലിമിറ്റഡിന്റെ (സിപ്‌കോട്ട്) വളപ്പിലായി ഒരു ഇലക്ട്രിക് വെഹിക്കിൾ സെൽ പ്ലാന്റും, ഇലക്ട്രിക് ഫോർ വീലർ പ്ലാന്റും സ്ഥാപിക്കാനാണ് ധാരണ. 3,111 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണിത്.
ടൂവീലർ, കാർ, ലിഥിയം സെൽ ഗിഗാ ഫാക്ടറികൾ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബ് ആയിരിക്കും ഒല സ്ഥാപിക്കുക. 2023 ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം തമിഴ്‌നാട് സർക്കാർ ഈ ആഴ്ച ആദ്യം പുറത്തിറക്കിയിരുന്നു. പുതിയ ഹബ്ബ് വരുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്നും ഒല സൂചിപ്പിച്ചു. ധാരണയിൽ ഒപ്പുവെച്ചതിന് പിന്നാലെ സ്റ്റാലിൻ സർക്കാരിന്റെ പിന്തുണയ്ക്ക് ഒലയുടെ സിഇഒ ഭവിഷ് അഗർവാൾ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഒലയെ സംബന്ധിച്ച് ഇത്തരത്തിലുള്ള ഒരു വിതരണ ശൃംഖലയുടെ തുടക്കം ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ സഹായകമായിരിക്കും.
തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താനുള്ള ഒലയുടെ തീരുമാനം അവർക്ക് സംസ്ഥാനത്ത് ഉള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് തമിഴ്നാട് വ്യവസായ മന്ത്രി തങ്കം തെന്നരസു വ്യക്തമാക്കി. 'പുതുക്കിയ ഇവി നയവും ഈ ധാരണാപത്രങ്ങളും ഉപയോഗിച്ച് ഇന്ത്യയുടെ ഇവി തലസ്ഥാനമായി മാറാൻ തമിഴ്‌നാട് ഒരുങ്ങുകയാണ്,' ഗൈഡൻസ് തമിഴ്‌നാടിന്റെ എംഡിയും സിഇഒയുമായ വി വിഷ്ണു പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ബാച്ചിൽ ഒരുമിച്ച് നിർമ്മിച്ച വാഹനങ്ങളിൽ ഒന്നിൽ തീപിടിച്ചതിനെ തുടർന്ന് ബാക്കിയുള്ള 1,441 വാഹനങ്ങളും ഒല തിരിച്ചു വിളിച്ചിരുന്നു.
ചെന്നൈയ്ക്ക് സമീപമുള്ള ഒരു പ്ലാന്റിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ആറ് മോഡലുകൾ നിർമ്മിക്കാൻ റെനോ-നിസാൻ സഖ്യവുമായി 5,300 കോടിയുടെ ധാരണാപത്രവും തമിഴ്നാട് സർക്കാർ അടുത്ത കാലത്ത് ഒപ്പുവച്ചു. ഹൊസൂരിലെ സിപ്‌കോട്ടിൽ ഐനോക്‌സ് എയർ പ്രൊഡക്‌റ്റ്സിൻ്റെ 200 ടിപിഡി അൾട്രാ ഹൈ പ്യുവർ മെഡിക്കൽ ഓക്‌സിജൻ നിർമാണ യൂണിറ്റിൻ്റെ ഉദ്ഘാടനവും, വെല്ലൂർ ജില്ലയിൽ 30 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന 4.98 ഏക്കർ മിനി ടൈഡൽ പാർക്കിൻ്റെ തറക്കല്ലിടിലും സ്റ്റാലിൻ നിർവഹിച്ചിരുന്നു. 150 കോടി രൂപ മുതൽ മുടക്കുന്ന ഹൊസൂരിലെ സിപ്‌കോട്ട് പദ്ധതിയിൽ 105 പേർക്കാകും തൊഴിൽ ലഭിക്കുക. 2021-22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് തമിഴ്‌നാട്ടിലെ ടയർ 2, ടയർ 3 പട്ടണങ്ങളിൽ ടൈഡൽ പാർക്ക് സ്ഥാപിക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് വെല്ലൂർ മിനി ടൈഡൽ പാർക്കിന് തറക്കല്ലിട്ടിരിക്കുന്നത്.