INDIA

'ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ എങ്ങനെ മോചിപ്പിക്കും'; ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി

എന്തുകൊണ്ടാണ് ഈ കേസിലെ കുറ്റവാളികൾക്കു മാത്രം ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നതെന്നും കോടതി ചോദിച്ചു

വെബ് ഡെസ്ക്

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ ഗുജറാത്ത് സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. ജീവപര്യന്തം നല്‍കിയ പ്രതികള്‍ക്ക് എങ്ങനെ 14 വര്‍ഷത്തിന് ശേഷം മോചനം ലഭിച്ചു. എന്തുകൊണ്ടാണ് ഈ കേസിലെ കുറ്റവാളികൾക്കു മാത്രം ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നതെന്നും കോടതി ചോദിച്ചു. പ്രതികളെ മോചിപ്പിച്ചതിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

2002ലെ ഗുജറാത്ത് കലാപ കാലത്ത് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തതിനായിരുന്നു 11 പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികള്‍ ജയില്‍ മോചിതരാകുന്നത്

ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് 14 വര്‍ഷത്തിന് ശേഷം ഇളവ് നല്‍കുമ്പോള്‍ അത് സമാന സ്വഭാവമുള്ള കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ബാധകമല്ലേ എന്നായിരുന്നു സുപ്രീംകോടതിയുടെ പ്രധാന വിമര്‍ശനം.

'കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം കുറ്റവാളികളെ എങ്ങനെ മോചിപ്പിക്കാനാകും. എന്തുകൊണ്ടാണ് മറ്റ് തടവുകാര്‍ക്ക് മോചന ഇളവ് നല്‍കാത്തത്. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്തിനാണ് ഇത്തരം ആനുകൂല്യം നല്‍കിയത്'. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ചാണ് ഈ ചോദ്യങ്ങള്‍ ചോദിച്ചത്.

കുറ്റവാളികള്‍ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹീനമായ കുറ്റകൃത്യത്തിന്റെ ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കുന്നതിന് കാരണമാകുമോയെന്നും കോടതി ചോദിച്ചു. പ്രതികള്‍ക്കായി എന്തിനാണ് ജയില്‍ ഉപദേശക സമിതി രൂപീകരിച്ചതെന്നും ജസ്റ്റിസുമാർ ചോദിച്ചു.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികള്‍ ജയില്‍ മോചിതരാകുന്നത്. 2008 ല്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ 15 വര്‍ഷവും 4 മാസവും ജയിലില്‍ കഴിഞ്ഞെന്നും ഇളവ് നല്‍കണമെന്നും ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ രാധേശ്യാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയം പരിഗണിക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കുകയായിരുന്നു.

രാധേശ്യാമിന്റെ ഹര്‍ജിയിലെ കാര്യങ്ങള്‍ പരിഗണിക്കാനാണ് ആവശ്യപ്പെട്ടതെന്നും ഇതിന്റെ മറവില്‍ മുഴുവന്‍ പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയക്കുകയായിരുന്നു എന്നുമാണ് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ