മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ. രണ്ടാം വര്‍ഷ ബിടെക് കെമിക്കല്‍ വിദ്യാര്‍ഥി സുരേഷിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമികനിഗമനം. മദ്രാസ് ഐഐടിയിലെ ഈ വര്‍ഷം നടക്കുന്ന നാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണ് ഇത്.
മധ്യപ്രദേശ് സ്വദേശിയായ സുരേഷ് ക്യാംപസിനകത്തെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. സുരേഷിന്റെ മുറി വെള്ളിയാഴ്ച്ച രാവിലെ മണിക്കൂറുകളായി അകത്ത് നിന്ന് അടച്ച നിലയിൽ കണ്ടതോടെ സുഹൃത്തുക്കൾ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ അറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്ന അധികൃതര്‍ സുരേഷിനെ സീലിങ് ഫാനില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുന്തപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മദ്രാസ് ഐഐടിയിൽ വിദ്യാർഥി ആത്മഹത്യ സമീപ മാസങ്ങളിൽ കൂടുകയാണ്. ഈ വർഷം മാത്രം നാല് പേരാണ് ജീവനടുക്കിയത്. മാര്‍ച്ച് 31 ന് ഒരു ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്നാരോപണത്തെത്തുടര്‍ന്ന് ഒരു പ്രൊഫസര്‍ക്കെതിരെ നടപടി എടുത്തു. അതിന് മുന്‍പ് മാര്‍ച്ചില്‍ തന്നെ ഇതേ ക്യാമ്പസില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഫെബ്രുവരിയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു ഗവേഷക വിദ്യാര്‍ഥിയും ഐഐടിയില്‍ ആത്മഹത്യചെയ്തു.
2018 മുതല്‍ രാജ്യത്തെ ഐഐടികളിലാകെ 33 വിദ്യാര്‍ഥി ആത്മഹത്യകള്‍ ഉണ്ടായതായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. പഠിക്കാനുള്ള സമ്മർദം, കുടുംബ പ്രശ്‌നങ്ങള്‍, വ്യക്തിപരമായ കാര്യങ്ങള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിദ്യാഭ്യാസ സഹമന്ത്രി സര്‍ക്കാര്‍ പറഞ്ഞത്. വിദ്യാര്‍ഥി ആത്മഹത്യകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടയില്‍ എല്ലാ ക്യാമ്പസുകളിലും കുറഞ്ഞത് ഒരു മാനസികാരോഗ്യ കൗണ്‍സിലറെ എങ്കിലും നിയമിക്കാന്‍ വിദ്യാര്‍ഥി കൗണ്‍സില്‍ തീരുമാനിച്ചു.