മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറി ഒരുമാസം പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രി ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമാണ് മുഴുവൻ വകുപ്പുകളുടേയും ചുമതലകൾ വഹിക്കുന്നത്.
ജൂൺ 30നാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞയും നടന്നു. അന്ന് മുതൽ വകുപ്പ് വിഭജന ചർച്ചകൾ നടക്കുന്നു. ഷിൻഡെയും ഫഡ്നാവിസും ചർച്ചകൾക്കായി ഡല്‍ഹിയിലേക്ക് കുറഞ്ഞത് ആറുതവണയാണ് പറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ചകൾ നടത്തിയിട്ടും വകുപ്പ് വിഭജനത്തിൽ തീരുമാനത്തിലെത്താനായില്ല. മൂന്ന് ദിവസത്തിനകം മന്ത്രിസഭാ രൂപീകരണം ഉണ്ടാകുമെന്നാണ് ഒടുവില്‍ ഏക്നാഥ് ഷിൻഡെ വ്യക്തമാക്കുന്നത്.
രണ്ട് പ്രധാന കാര്യങ്ങളാണ് മന്ത്രിസഭാ രൂപീകരണത്തിന് തടസം സൃഷ്ടിക്കുന്നത്. ഭിന്നതകൾ പരിഹരിച്ച് മുന്നോട്ടുപോകുക എന്നത് അത്ര എളുപ്പമല്ല. ഉദ്ധവ് താക്കറെയെ വിട്ട് ഷിൻഡെയോട് ഒപ്പമെത്തിയ എംഎൽഎമാരെ തൃപ്തിപ്പെടുത്തലാണ് ആദ്യത്തെ പ്രശ്നം. പുതിയ സർക്കാരിൽ പ്രധാനപ്പെട്ട വകുപ്പുകളാണ് മിക്ക എംഎൽഎമാരുടേയും ആവശ്യം. രണ്ടാമത്തേത്, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ മന്ത്രിസഭ രൂപീകരിക്കുക എന്നതാണ്. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം ഉറപ്പാക്കാനാവുന്ന വിധത്തിൽ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കൂടുതൽ ശ്രദ്ധ വേണ്ട ജില്ലകളിൽ നിന്ന് മന്ത്രിസഭയിലേക്ക് പ്രതിനിധികളെ എത്തിക്കുക എന്നതാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം മുന്നോട്ട് വയ്ക്കുന്ന നിർദേശം.
ഷിൻഡെ മുഖ്യമന്ത്രിയായതിനാൽ തന്നെ പ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനകാര്യം എന്നിവയിലാണ് ബിജെപി കണ്ണുവയ്ക്കുന്നത്
മഹാരാഷ്ട്ര അസംബ്ലിയിൽ ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. സഖ്യകക്ഷിയായ ബഹുജൻ വികാസ് അഘാഡിക്ക് മൂന്ന് അംഗങ്ങളും. ഷിൻഡെയ്ക്ക് ഒപ്പമുള്ളത് 39 ശിവസേന എംഎൽഎമാരാണ്. 31 വകുപ്പുകളാണ് മഹാരാഷ്ട്ര മന്ത്രിസഭയിലുള്ളത്. ഷിൻഡെ മുഖ്യമന്ത്രിയായതിനാൽ തന്നെ പ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനകാര്യം എന്നിവയിലാണ് ബിജെപി കണ്ണുവയ്ക്കുന്നത്. കൂടുതൽ ജനകീയ ഇടപെടൽ ഉറപ്പാക്കി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി- ഗോത്രക്ഷേമ വകുപ്പുകളും ബിജെപി ആവശ്യപ്പെടുന്നുണ്ട്.
പ്രധാന പ്രതിസന്ധികള്‍ ഇങ്ങനെ
പ്രസിഡന്റ് തിരഞ്ഞെടുപ്പ്
പ്രസിഡന്റ് തിരഞ്ഞെടുപ്പ് സുഗമമായി നടത്തുക എന്നതായിരുന്നു എൻഡിഎ ലക്ഷ്യം. മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണത്തിന്റെ പേരിൽ തർക്കങ്ങളെന്തെങ്കിലും ഉടലെടുത്താൽ, അത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന് ബിജെപി കേന്ദ്ര നേതൃത്വം സംശയിച്ചിരുന്നു. ദ്രൗപദി മുർമുവിന്റെ വിജയം ഉറപ്പായിരുന്നെങ്കിലും ഷിൻഡെ പക്ഷത്തിൽ നിന്ന് ആരെങ്കിലും ഇടംതിരിഞ്ഞ് നിൽക്കരുതെന്ന് എൻഡിഎയ്ക്ക് നിർബന്ധമായിരുന്നു.
വിമത നീക്കവുമായി ബന്ധപ്പെട്ട കേസുകൾ
ശിവസേനയിലെ വിമത നീക്കത്തെ തുടർന്ന് നിരവധി കൂറുമാറ്റ, അയോഗ്യത കേസുകൾ ഷിൻഡെ പക്ഷത്തെ എംഎൽഎമാർക്കെതിരെ സുപ്രീംകോടതിയിൽ ഉൾപ്പെടെ നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകുന്ന തിരക്കിലാണ് ഷിൻഡെ - ഫഡ്നാവിസ് പക്ഷം .
2019-ലേതിന് സമാനമായ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കുക
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏകദേശം ഒരുമാസം നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കുശേഷം ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷെ വിഷയം സുപ്രീംകോടതിയിൽ എത്തിയതോടെ 78 മണിക്കൂറിനകം സർക്കാർ താഴെയിറങ്ങി. ഇത് ബിജെപി കേന്ദ്ര നേതൃത്വം വലിയ നാണക്കേടായാണ് കണക്കാക്കിയത്. ഇതിന് സമാനമായ പ്രതിസന്ധി ഇത്തവണ ഉണ്ടാകരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമുണ്ട്.
മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് വിമത എംഎൽഎമാർ
ഉദ്ധവ് പക്ഷത്ത് നിന്ന് ഷിൻഡെയ്ക്ക് ഒപ്പമെത്തിയ എംഎൽഎമാരിൽ മിക്കവരും മന്തിസ്ഥാനമാണ് ലക്ഷ്യമിടുന്നത്. പ്രധാന വകുപ്പുകൾ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. ഇവരെ അനുനയിപ്പിക്കാതെ മന്ത്രിസഭാ രൂപീകരണമെന്നത് നിലവിൽ ഷിൻഡെ - ഫഡ്നാവിസ് സർക്കാരിന് സാധ്യമല്ല.
ബിജെപിക്കകത്തെ കണക്കുകൂട്ടലുകൾ
ബിജെപി കേന്ദ്ര നേതൃത്വം ലിസ്റ്റ് അംഗീകരിക്കാതെ മന്ത്രിസഭാ രൂപീകരണം സാധ്യമല്ല. സർക്കാരിന്റെ ഭാഗമാകില്ലെന്ന് ആദ്യം അറിയിച്ച ഫഡ്നാവിസ് പിന്നീട് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത് ജെ പി നദ്ദയുടെ നിർദേശപ്രകാരമാണ്. സന്തുലിതമായൊരു ലിസ്റ്റ് മാത്രമെ അംഗീകരിക്കൂവെന്ന നിലപാടാണ് അവർക്കുള്ളത്. പ്രാദേശികവും - ജാതീയവുമായ സമവാക്യങ്ങളും ബിജെപിയുടെ പരിഗണനാവിഷയമാണ്.
മുൻ ഫഡ്നാവിസ് സർക്കാരിന്റെ കാലത്ത് നടപ്പാക്കാനാവാതെ പോയ നാല് പ്രധാന തീരുമാനങ്ങൾ വീണ്ടും നടപ്പാക്കാനൊരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍
മന്ത്രിസഭാ അംഗങ്ങളെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ഷിൻഡെ - ഫഡ്നാവിസ് കൂട്ടുകെട്ട് നിരവധി നിർണായക തീരുമാനങ്ങൾ എടുത്തുകഴിഞ്ഞു. ഉദ്ധവ് താക്കറെ സർക്കാർ അവസാന ആഴ്ചകളിൽ എടുത്ത 400 തീരുമാനങ്ങൾ റദ്ദാക്കിയതും ഇതിൽ ഉൾപ്പെടുന്നു. അതോടൊപ്പം മുൻ ഫഡ്നാവിസ് സർക്കാരിന്റെ കാലത്ത് നടപ്പാക്കാനാവാതെ പോയ നാല് പ്രധാന തീരുമാനങ്ങൾ വീണ്ടും നടപ്പാക്കാനൊരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍.
പാരിസ്ഥിതിക ആഘാതത്തിന്റെ പേരിൽ ഉദ്ധവ് സർക്കാർ മാറ്റിവച്ച മുംബൈയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആരേയിലെ കാർഷെഡ് നിർമാണം, ഗ്രാമത്തലവന്മാരേയും മുനിസിപ്പൽ കൗൺസിലർമാരെയും ജനങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കൽ, അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവർക്കുള്ള പെൻഷൻ, കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽപന നടത്തുന്ന APMC മാർക്കറ്റ് ഭരണസമതികളിലേക്കുള്ള വോട്ടവകാശം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇതിൽ പലതും മഹാവികാസ് അഘാഡി സർക്കാര്‍ ഒഴിവാക്കുകയോ പുതിയ രീതിയിൽ അവതരിപ്പിക്കുകയോ ചെയ്തവയാണ്. മുഴുവൻ ഗുണഭോക്താക്കളും ആർഎസ്എസുകാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥകാലത്ത് ജയിൽ വാസം അനുഭവിച്ചവർക്കുള്ള പെൻഷൻ പദ്ധതി ഉദ്ധവ് സർക്കാർ റദ്ദാക്കിയത്. മറ്റ് ചില പദ്ധതികൾ റദ്ദാക്കിയത് ഉയർന്ന ചെലവ് ചൂണ്ടിക്കാട്ടിയായിരുന്നു
ഷിൻഡെയും ഫഡ്നാവിസും ചിന്തിക്കുന്നത് സർക്കാരിനെ നയിക്കാൻ ഇരുവരും മതിയെന്നാണ്. ഡൽഹിയിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിക്കാതെ അവർ ഒരടി നീങ്ങില്ലഅജിത് പവാര്‍
ഉദ്ധവ് സർക്കാർ അവസാന ആഴ്ചകളിൽ 400 നയപരമായ തീരുമാനങ്ങൾ പാസാക്കിയത് സർക്കാർ വീഴാൻ പോകുന്നുവെന്ന സൂചനയെ തുടർന്നാണെന്നാണ് ഷിൻഡെയുടെ പക്ഷം. എൻസിപി നേതാവ് അജിത് പവാറിന്‍റെ അഭ്യർത്ഥന പോലും തള്ളിയാണ് തീരുമാനങ്ങൾ ഷിൻഡെ സ്റ്റേ ചെയ്തത്. ഓരോ തീരുമാനങ്ങളും പരിശോധിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് സ്റ്റേ തീരുമാനം എടുത്തതെന്നാണ് ഇക്കാര്യത്തിൽ ഫഡ്നാവിസിന്റെ പ്രതികരണം. ഷിൻഡെ പക്ഷത്തെ എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള തീരുമാനങ്ങളും ഇരുവരും ചേർന്ന് എടുത്തിട്ടുണ്ട്. എംഎൽഎമാരുടെ മണ്ഡലങ്ങളിൽ വിവിധ പദ്ധതികൾക്ക് അനുമതി നൽകിയാണ് ഈ നീക്കം. അതിനിടെ മന്ത്രിസഭ രൂപീകരിക്കാത്തതിൽ പ്രതിപക്ഷവും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ''ഷിൻഡെയും ഫഡ്നാവിസും ചിന്തിക്കുന്നത് സർക്കാരിനെ നയിക്കാൻ ഇരുവരും മതിയെന്നാണ്. ഡൽഹിയിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിക്കാതെ അവർ ഒരടി നീങ്ങില്ല'' - അജിത് പവാർ പരിഹസിച്ചു.
ഇത് ആദ്യമായല്ല, മഹാരാഷ്ട്ര സർക്കാരിൽ പ്രധാന വകുപ്പുകൾ ഒഴിഞ്ഞുകിടക്കുന്നത്. മഹാവികാസ് അഘാഡി സർക്കാരിൽ ഒരു വർഷത്തിലേറെയാണ് സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടന്നത്. 2021 ഫെബ്രുവരിയിൽ കോൺഗ്രസിന്റെ നാന പട്ടോലെ സ്പീക്കർ പദവി ഒഴിഞ്ഞു. ഷിൻഡെ സർക്കാർ രൂപീകരിച്ച ശേഷം ബിജെപിയുടെ രാഹുൽ നർവേക്കറാണ് 18 മാസത്തിനുശേഷം സ്പീക്കറുടെ ചുമതലയേറ്റെടുത്തത്.