നീറ്റ് യുജി ചോദ്യപേപ്പർ ചോർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗുജറാത്തിലെ ഗോധ്രയിലെ പർവാഡി ഗ്രാമത്തിലുള്ള ജയ് ജലറാം സ്‌കൂൾ ചെയർമാൻ ദീക്ഷിത് പട്ടേലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
കേസിൽ പട്ടേലിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതിയെ സമീപിച്ചു. കേസിലെ മറ്റ് പ്രതികളുമായി പട്ടേലിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി റിമാൻഡ് അപേക്ഷയിൽ സിബിഐ പറഞ്ഞു. പട്ടേലിൻ്റെ മൊഴി ജൂൺ 27ന് സിബിഐ രേഖപ്പെടുത്തിയിരുന്നു. ഗോധ്ര കേന്ദ്രത്തിൽ നടന്ന നീറ്റ്-യുജി ക്രമക്കേടിൽ അറസ്റ്റിലാകുന്ന ആറാം പ്രതിയാണ് പട്ടേൽ. അറസ്റ്റിലായ അഞ്ചാം പ്രതിയായ എമിഗ്രേഷൻ ഏജൻ്റും റോയ് ഓവർസീസ് ഉടമയുമായ പരശുറാം റോയിയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നില്ല.
കേസിൽ നേരത്തെ അറസ്റ്റിലായ തുഷാർ ഭട്ട്, പുർഷോത്തം ശർമ്മ, വിഭോർ ആനന്ദ്, ആരിഫ് വോറ എന്നീ നാല് പ്രതികളെ ഞ്ച്മഹൽ ജില്ലാ കോടതി നാല് ദിവസത്തെ റിമാൻഡ് അനുവദിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ദീക്ഷിത് പട്ടേലിനെ സിബിഐ അറസ്റ്റ് ചെയ്തത്.
നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ക്രമക്കേട് നടത്താനായി പ്രതികളെ സമീപിച്ച ഗുജറാത്തിലെ ആറ് പ്രാദേശിക വിദ്യാർത്ഥികളുടെ മൊഴി വ്യാഴാഴ്ച സിബിഐ രേഖപ്പെടുത്തിയിരുന്നു. സ്കൂളിലെ മറ്റ് ജീവനക്കാരുടെയും ഇതേ ട്രസ്റ്റിന്റെ കീഴിലുള്ള ഖേദ ജില്ലയിലെ പാഡലിലെ സ്‌കൂളിലെ ജീവനക്കാരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.
ബീഹാറിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിഭാഗത്തില്‍നിന്ന് അന്വേഷണം നടത്തുന്ന സിബിഐ ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോദ്ര എന്നീ നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംശയാസ്പദമായ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം നീറ്റ്- യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ ജാര്‍ഖണ്ഡില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രമുഖ ഹിന്ദി പത്രത്തിന്‌റെ ലേഖകനായ മൊഹമ്മദ് ജമാലുദീനെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നാണ് പിടികൂടിയത്. ഇദ്ദേഹത്തിനെതിരെ നിര്‍ണായക സാങ്കേതിക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.
സംഭവത്തിന്‌റെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന ജാര്‍ഖണ്ഡിലെ ഓയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ്പ്രിന്‍സിപ്പലിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷയ്ക്ക് ഒരു ദിവസം മുന്‍പ് മെയ് നാലിന് നീറ്റ് യുജി പരീക്ഷാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കിയെന്ന് ആരോപിച്ച് രണ്ട് പേരെ പട്‌നയില്‍നിന്ന് കഴിഞ്ഞ വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു.കേസിലെ 13 പ്രതികളില്‍ നാല് പരീക്ഷകരും ഉള്‍പ്പെടുന്നു.
ജൂണ്‍ 22 നാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ വര്‍ഷത്തെ നീറ്റ് (യുജി)ലെ ക്രമക്കേടുകള്‍ സമഗ്രമായ അന്വേഷണത്തിനായി സിബിഐക്ക് കൈമാറിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടറർ ജനറല്‍ (ഡിജി) സുബോധ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.