INDIA

മണിപ്പൂര്‍: സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം അഞ്ചായി

വെബ് ഡെസ്ക്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിലും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലും വീണ്ടും അറസ്റ്റ്. യുംലേംബം നുങ്സിതോയി മേട്ടേഈ എന്ന പത്തൊൻപതുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബുധനാഴ്ചയാണ് മേയ് നാലിനുണ്ടായ പൈശാചിക കൃത്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

മണിപ്പൂരിലെ കാങ്‌പോക്‌പിയിലായിരുന്നു സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതിനെ തൊട്ടടുത്ത ദിവസം തന്നെ ഹുയിരേം ഹെരാദാസ് സിങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതികളായവരെല്ലാം പതിനൊന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.

അതിനിടെ, മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് സമാനമായ കൂടുതല്‍ വിവരങ്ങൾ പുറത്ത്. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാങ്പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. ജോലിസ്ഥലത്തുനിന്നും പിടിച്ചിറക്കിയായിരുന്നു അക്രമം. അക്രമി സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെ ഉണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷൻ പട്ടികയിൽ 2020 ൽ ഇടം പിടിച്ച മണിപ്പൂരിലെ നോംഗ്‌പോക് സീക്മയീ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ്‌ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഓപ്പൺ സോഴ്‌സ് സാറ്റ് ലൈറ്റ് ചിത്രങ്ങളെ ഉപയോഗപ്പെടുത്തി ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിെനാടുവിലാണ് സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചത്. രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷനായി തിരഞ്ഞെടുത്ത നോംഗ്‌പോക് സീക്മയീ പോലീസ് സ്‌റ്റേഷന്റെ 850 മീറ്റർ അകലെയാണ് ഈ നീച കൃത്യം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

ഇങ്ങനെയൊരു ക്രൂരകൃത്യം നടന്നതിന് പിന്നിൽ മെയ് മൂന്നിന് കലാപബാധിത സംസ്ഥാനത്ത് പ്രചരിച്ച ഒരു വ്യാജ ദൃശ്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. മണിപ്പൂരിലെ മേയ്തി വിഭാഗത്തിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് മേയ് മൂന്നിന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാലിത് വ്യാജവാർത്തയാണെന്നും കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് മേയ്തി യുവതിയുടേതെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടതെന്നും പിന്നീട് വ്യക്തമായി. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു വ്യാജ വർത്തയിലുണ്ടായിരുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്ന ഈ അടിസ്ഥാനരഹിത ആരോപണത്തെ തള്ളി മേയ് അഞ്ചിന് അന്നത്തെ പോലീസ് മേധാവി പി ഡങ്കലും രംഗത്തുവന്നിരുന്നു.

പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ മണിപ്പൂരിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഹ്രസ്വ ചർച്ച നടത്താമെന്നാണ് സർക്കാർ നിലപാട്. മറുപടി പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്നദ്ധമായിട്ടില്ല. ഇതേ തുടർന്ന് രണ്ടു ദിവസമായി പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?