തമിഴ്‌നാട്ടില്‍ മറ്റൊരു വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടെസ്റ്റ് പേപ്പറില്‍ മാര്‍ക്ക് കുറഞ്ഞതിന് പിന്നാലെയാണ് പതിനേഴുകാരിയുടെ ആത്മഹത്യ.
തിങ്കളാഴ്ച രാത്രി കര്‍ഷകരായ രക്ഷിതാക്കള്‍ വീടിന് പുറത്ത് പോയ സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്. പോലീസില്‍ അറിയിക്കാതെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ രക്ഷിതാക്കള്‍ ശ്രമിച്ചത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് പോലീസ് എത്തി വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിനിയുടെ റൂമില്‍ നിന്ന് മൂന്ന് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവാത്തതാണ് മരണ കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഇന്നലെ തിരുവള്ളൂര്‍ ജില്ലയിലെ കീഴ്‌ചേരി സെന്റ് ആന്റണീസ് പ്ലസ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു. ജൂലൈ 14 ന് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോര്‍ഡിംങ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്.പഠിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.