വനിത സംവരണ ബില്ലിനു ശേഷം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചർച്ചകൾ കേന്ദ്ര സർക്കാർ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പാർലമെന്റിലേക്കും സംസ്ഥാന അസ്സംബ്ലികളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്ന ഏറ്റവും പ്രധാനമായ കാര്യം, തിരഞ്ഞെടുപ്പ് ചെലവ് ചുരുക്കാം എന്നതാണ്. വോട്ടിംഗ് യന്ത്രങ്ങൾ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനും, സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും എളുപ്പമുണ്ടാകും എന്നും സർക്കാർ അവകാശപ്പെടുന്നു. ശരിക്കും ഒറ്റ തിരഞ്ഞെടുപ്പിലൂടെ ചെലവ് ചുരുക്കൽ സാധ്യമാകുമോ? ശരിക്കും ഈ അവകാശവാദം ശരിയാണോ?
നിലവിൽ തിരഞ്ഞെടുപ്പ് നടത്താനാവശ്യമായ ചെലവ് എത്രയാണെന്നതുമായി ബന്ധപ്പെട്ട ഒരു കണക്കും സർക്കാർ പുറത്ത് വിട്ടിട്ടില്ല. നിലവിൽ ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ട ഒരു ഏകദേശ കണക്ക് മാത്രമാണ് പൊതുമധ്യത്തിലുള്ളത്. അത് പാർലമെന്റ് ഇലക്ഷന് 5000 കോടി രൂപയും, ഒരു വലിയ സംസ്ഥാനത്ത് അസംബ്ലി തെരഞ്ഞെടുപ്പ് നടത്താൻ 500 കോടി രൂപയും ചെലവു വരുമെന്നാണ്. ഈ കണക്ക് പരിഗണിച്ചാൽ തന്നെ ഒരു വോട്ടർക്ക് 50 രൂപ മാത്രമാണ് തിരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിലൂടെ ലാഭം ലഭിക്കുക എന്ന് കാണാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിൽ പെടുന്ന തുകയനുസരിച്ച് മാത്രമേ ഇത്തരത്തിലൊരു കണക്കുകൂട്ടലിലേക്ക് പോകാൻ സാധിക്കൂ. എന്നാൽ തിരഞ്ഞെടുപ്പിൽ ഒഴുകുന്ന കള്ളപ്പണത്തിന്റെ കണക്ക് ആർക്കും തിട്ടപ്പെടുത്താൻ സാധിക്കാത്ത അത്രയുമാണ്. അത് കൂടി പരിഗണിക്കുമ്പോൾ ഇത് ശരിക്കും ലാഭമാണോ എന്നതാണ് ചോദ്യം.
ഇടയിൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമായി വിലയിരുത്തപെടാറുണ്ട്. ഒറ്റ തിരഞ്ഞെടുപ്പിലേക്ക് മാറുന്നതോടെ ഈ സാധ്യതകൂടിയാണ് ഇല്ലാതാകുന്നത്.
രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് കൊണ്ട് വരുന്നതിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും നികുതി നൽകുന്ന ജനങ്ങളുടെ പണം സംരക്ഷിക്കാനാകുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. അതിനൊപ്പം ഈ മാറ്റത്തിലൂടെ ദേശീയതലത്തിൽ ജനങ്ങൾക്ക് ഒരുമിച്ച് നിൽക്കാനും ഒത്തൊരുമയുണ്ടാക്കാൻ സാധിക്കുമെന്നും പറയുന്നു. അത് രാജ്യത്തിൻറെ അഖണ്ഡത ഊട്ടിയുറപ്പിക്കുമെന്നും, പലപ്പോഴായി നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആളുകൾ കുഴഞ്ഞു പോകുന്ന അവസ്ഥയുണ്ടാകില്ലെന്നും പറയുന്നു.
തിരഞ്ഞടുപ്പ് നടത്തിപ്പിൽ വോട്ടർമാർക്കുണ്ടാകുന്ന ചെലവിൽ വലിയതോതിൽ വ്യത്യാസമുണ്ടാകില്ല എന്നത് ഉറപ്പാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ഒറ്റ തിരഞ്ഞെടുപ്പിലേക്ക് മാറുമ്പോൾ അടുത്ത അഞ്ച് വർഷത്തേക്ക്, നിലനിൽക്കാൻ തെരഞ്ഞെടുപ്പ് ജയിക്കണം എന്ന സാഹചര്യം രാഷ്ട്രീയപാർട്ടികൾക്കുണ്ടാകും. അങ്ങനെ ഒരു സാഹചര്യത്തിൽ എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പ് ജയിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ ശ്രമിക്കും, അതുകൊണ്ടു തന്നെ ചെലവ് ഏതു വിധേനയും വർധിക്കും എന്നാണ് മനസിലാക്കേണ്ടതെന്നും വിലയിരുത്തപ്പെടുന്നു.
ജമ്മു കാശ്മീർ പോലെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളെ ഈ സംവിധാനം എങ്ങനെ ബാധിക്കുമെന്നതാണ് കാണേണ്ടത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ കാലാവധി തീരുന്നതിനു മുമ്പ് ജനങ്ങൾക്ക് തിരിച്ചു വിളിക്കാൻ അവകാശമുള്ള ഒരു രാജ്യമല്ല ഇന്ത്യ. അതുകൊണ്ടു തന്നെ ഇടയിൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമായി വിലയിരുത്തപെടാറുണ്ട്. ഒറ്റ തിരഞ്ഞെടുപ്പിലേക്ക് മാറുന്നതോടെ ഈ സാധ്യതകൂടിയാണ് ഇല്ലാതാകുന്നത്.
ഒറ്റ തിരഞ്ഞെടുപ്പിലേക്ക് രാജ്യം കേന്ദ്രീകരിക്കപ്പെട്ടപ്പോഴൊക്കെ വലിയ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ ഗുണമുണ്ടായിട്ടുള്ളൂ എന്നതും ചരിത്രമാണ്. 1960കൾവരെ അത്തരത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിക്കും കോൺഗ്രസിനും ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും മനസിലാക്കാം. ഒരൊറ്റ പാർട്ടിയുടെ അപ്രമാദിത്വത്തിൽ നിന്ന് പ്രാദേശിക കക്ഷികളുടെ വ്യത്യസ്തതകളിലേക്ക് രാജ്യം മാറിയത് അത്തരം തിരഞ്ഞെടുപ്പുകൾ ഇല്ലാതായപ്പോഴാണ് എന്നും വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പുകളെല്ലാം വീണ്ടും ഒരുമിപ്പിക്കുന്നതിലൂടെ ദേശീയ പാർട്ടികൾക്ക് മാത്രമേ നേട്ടമുണ്ടാക്കാൻ സാധിക്കൂ എന്നും. അവരുടെ പ്രചാരണ സംവിധാനങ്ങളും അജണ്ടയും ശക്തമായി ഉപയോഗപ്പെടുത്താൻ ഈ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ സാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
എന്നാൽ ഇത് തെക്കേ ഇന്ത്യയെ കാര്യമായി ബാധിക്കുമോ എന്നത് സംശയമാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ മിക്കവാറും ഭരിക്കുന്നത് പ്രാദേശിക കക്ഷികളാണ്. അവിടെ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിക്കുമോ എന്ന് ദേശീയ പാർട്ടികൾക്ക് ശ്രമിച്ചു നോക്കാമെന്നു മാത്രം. ജമ്മു കാശ്മീർ പോലെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളെ ഈ സംവിധാനം എങ്ങനെ ബാധിക്കുമെന്നതാണ് കാണേണ്ടത്. എപ്പോഴും അസ്വസ്ഥമായി നിലനിൽക്കുന്ന അത്തരം സംസ്ഥാനങ്ങളിൽ ഈ തിരഞ്ഞെടുപ്പ് രീതി ചിലപ്പോൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.