INDIA

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

വെബ് ഡെസ്ക്

2014ല്‍ അധികാരത്തിലേറിയതുമുതല്‍ ബിജെപി മുന്നോട്ടുവെച്ച പ്രധാന ആശയങ്ങളിലൊന്നായിരുന്നു 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. ഇത് യഥാർഥ്യത്തിലേക്ക് അടുക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു ഇന്നത്തെ സംഭവവികാസങ്ങള്‍. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു'മായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സമർപ്പിച്ച ശുപാർശകൾ കേന്ദ്രമന്ത്രസഭ അംഗീകരിച്ചു. ഈ സർക്കാരിന്റെ കാലത്തുതന്നെ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആദ്യ ഘട്ടത്തിൽ നടത്തുക എന്നതാണ് രാംനാഥ് കോവിന്ദ് സമിതിയുടെ നിർദേശം. ഇതിന് ഭരണഘടന ഭേദഗതികള്‍ ആവശ്യമാണ്. എന്നാല്‍ ആദ്യപടിയായി ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് പാർലമെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ഇവിടെ സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വന്നേക്കാം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം 2029ല്‍ നടപ്പാക്കണമെങ്കില്‍ ഇതിനായുള്ള നടപടികള്‍ ഇപ്പോഴെ ആരംഭിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായി പലസംസ്ഥാനങ്ങളിലേയും സർക്കാരുകളെ കാലാവധി തീരുന്നതിന് മുൻപ് തന്നെ പിരിച്ചുവിടേണ്ടി വരും. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ല്‍ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിനാണ് രാംനാഥ് കോവിന്ദ് വിട്ടുനല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ഹിമാചല്‍ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറാം, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ സർക്കാരുകള്‍ അധികാരമേറ്റത്. ഈ സർക്കാരുകളുടെ കാലാവധി 2028ല്‍ അവസാനിക്കും. 2029ല്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പുതിയ സർക്കാരിന്റെ കാലാവധി ഒരുവർഷമോ അതില്‍ താഴയോ ആയിരിക്കും.

ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക 2027ലാണ്. അതായത് സർക്കാരിന് ലഭിക്കുക രണ്ട് വർഷത്തെ കാലാവധി മാത്രമായിരിക്കും.

അതുപോലെ, തമിഴ്‌നാട്, അസം, കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സർക്കാരുകളുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങിയേക്കും. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ 2026ലാണ് ഇനി തിരഞ്ഞെടുപ്പ്.

അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് കാലാവധി പൂർത്തിയാക്കാൻ സാധിക്കുക.

തിരഞ്ഞെടുപ്പുകള്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കുന്നതിനായി ലോക്‌സഭയുടെ ദൈർഘ്യവുമായി ബന്ധപ്പെട്ട അനുച്ഛേദം 83ലും നിയമസഭകളുടെ ദൈർഘ്യവുമായി ബന്ധപ്പെട്ട അനുച്ഛേദം 172ലും ഭേദഗതികള്‍ വരുത്താനാണ് രാംനാഥ് കോവിന്ദ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ വിജ്ഞാപനം അസാധുവാകും. അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യമാകും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും