INDIA

'ഇന്ത്യ'യുമായി മുന്നോട്ട്; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ഭരണഘടനയ്ക്കെതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ്

സനാതന ധര്‍മവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിലേക്കും വലിച്ചിഴക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ്

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാരിന്റെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' നീക്കത്തെ വിമര്‍ശിച്ചും പ്രതിപക്ഷ മഹാ സഖ്യമായ ഇന്ത്യയുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. ഹൈദരാബാദില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ദേശീയ രാഷ്ട്രീയം കാത്തിരിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായത്. ‘ഇന്ത്യ’ സഖ്യത്തിന് കീഴില്‍ ഐക്യത്തോടെ മുന്നോട്ടുപോകണമെന്നായിരുന്നു സോണിയാ ഗാന്ധിയുടെ നിര്‍ദേശം. സഖ്യത്തെ പ്രവര്‍ത്തകസമിതിയിലെ ഒരംഗവും എതിര്‍ത്തില്ലെന്ന് പി ചിദംബരം പറഞ്ഞു.

കേന്ദ്രത്തിന്റെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന നീക്കം ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്നാണ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍ മാധ്യമങ്ങളോട് പങ്കുവച്ചത്. അടിയന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഈ ചര്‍ച്ചകളെന്നും പി ചിദംബരം ചൂണ്ടിക്കാട്ടി.

"ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനോട് ഞങ്ങൾ വിയോജിക്കുന്നു. ഇത് ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. ഇതിന് കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ആവശ്യമാണ്. ഈ ഭരണഘടനാ ഭേദഗതികൾ പാസാക്കാനുള്ള അംഗബലം തങ്ങൾക്കില്ലെന്ന് ബിജെപിക്ക് അറിയാം. എന്നിട്ടും ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വയ്ക്കുകയാണെങ്കിൽ, അത് അടിയന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും തെറ്റായ ആഖ്യാനങ്ങൾ സൃഷ്ടിക്കാനും മാത്രമാണെന്നും ചിദംബരം വിമർശിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഉടനുണ്ടായേക്കുമെന്ന സൂചനയും പി ചിദംബരം നല്‍കി. കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് പടിഞ്ഞാറിലേയ്ക്ക് ഭാരത് ജോഡോ യാത്ര നടത്തുന്ന കാര്യം പരിഗണനയിലാണെന്നായിരുന്നു പ്രതികരണം. 'രാജ്യത്തെ സ്ഥിതിഗതികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം, രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, രാജ്യത്തിന് വലിയ വെല്ലുവിളിയായ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷാ ഭീഷണികള്‍ എന്നിങ്ങനെ വിഭജിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഉടനുണ്ടായേക്കുമെന്ന സൂചനയും പി ചിദംബരം നല്‍കി

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണഘടനാ, ഫെഡറല്‍ ഘടനയ്ക്ക് വെല്ലുവിളിയുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഫെഡറലിസം വ്യവസ്ഥാപിതമായി ദുര്‍ബലമാവുകയാണെന്നും ചിദംബരം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള വരുമാനം തടയുന്ന നടപടികളാണ് കേന്ദ്രം നിരന്തരം സ്വീകരിക്കുന്നത്. ഡിഎംകെ നേതാക്കള്‍ ഉള്‍പ്പെട്ട സനാതന ധര്‍മ വിവാദം സിഡബ്ല്യൂസി ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. സനാതന ധര്‍മവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിലേക്കും വലിച്ചിഴക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും എല്ലാ മതങ്ങളോടും തുല്യ ബഹുമാനമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വിലകയറ്റവും തൊഴിലില്ലായ്മയും ഉള്‍പ്പെടെ രാജ്യത്തെ അടിസ്ഥാനമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോഴെല്ലാം ബിജെപി വിവാദങ്ങള്‍ സൃഷ്ടിച്ച് വിഷയം മാറ്റുകയാണ്. 'സ്വാശ്രയ ഇന്ത്യ', '5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ', 'ന്യൂ ഇന്ത്യ 2022', 'അമൃത്കാല്‍' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും ഖാര്‍ഗെ ആരോപിച്ചു.

അതേസമയം ബിജെപി ഭരണത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന 25 പാര്‍ട്ടികളുടെ മുന്നണി സഖ്യമായ 'ഇന്ത്യ' ഒക്ടോബറില്‍ ഭോപ്പാലില്‍ നടത്താനിരുന്ന റാലി പിന്‍വലിച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് യോഗത്തിൽ വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ റാലിയെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനമെടുക്കുമ്പോൾ അറിയിക്കുമെന്നും അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ