INDIA

വൺ റാങ്ക് വൺ പെൻഷൻ; കേന്ദ്രത്തിനെതിരെ സുപ്രീംകോടതി; 'പ്രതിരോധ മന്ത്രാലയത്തിന് നിയമം കയ്യിലെടുക്കാനാവില്ല'

വെബ് ഡെസ്ക്

വൺ റാങ്ക് വൺ പെൻഷൻ കേസിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതി. പെൻഷൻ കുടിശ്ശിക നാല് ഗഡുക്കളായി നൽകാമെന്ന് പറഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നിയമം കൈയിലെടുക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര പ്രതിരോധ മന്ത്രാലയം ജനുവരി 20ന് ഇറക്കിയ ഈ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദീവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിരമിച്ച സൈനികർക്ക് കുടിശ്ശികയുടെ ഒരു ഗഡു നൽകിയിട്ടുണ്ടെന്നും എന്നാൽ കുടിശ്ശിക തീർക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ കുടിശ്ശിക സംബന്ധിച്ച് ജനുവരി 20ന് പുറത്തിറക്കിയ വിജ്ഞാപനം ആദ്യം പിൻവലിക്കൂ എന്നും സമയം കൂട്ടി നൽകുന്ന കാര്യം അതിന് ശേഷം പരിഗാണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനം കോടതി വിധിക്ക് എതിരാണ്. പെൻഷൻ കുടിശ്ശിക നാല് ഗഡുക്കളായി നൽകാമെന്ന് ഏകപക്ഷീയമായി പറയാൻ പ്രതിരോധ മന്ത്രാലയത്തിന് സാധിക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. എത്ര പേര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുണ്ട്, ഏത്രപേര്‍ക്ക് നല്‍കി, കുടിശ്ശിക കൊടുത്ത് തീര്‍ക്കാനാവശ്യമായ സമയം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി അടുത്ത തിങ്കളാഴ്ചയ്ക്കകം വിശദാംശങ്ങള്‍ സമർപ്പിക്കാനും കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി.

ഒരേ റാങ്കിൽ ഒരേ സേവന ദൈർഘ്യത്തിൽ വിരമിക്കുന്ന സായുധ സേനാംഗങ്ങൾക്ക് ഏകീകൃത പെൻഷൻ നൽകുന്നതാണ് വൺ റാങ്ക് വൺ പെൻഷൻ പദ്ധതി. സൈനികർക്ക് കൃത്യസമയത്ത് തുക ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തുക മാത്രമാണ് കോടതിയെ സംബന്ധിച്ച് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കുടിശ്ശിക നൽകുന്നതിനുള്ള സമയപരിധി നീട്ടാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം ഫെബ്രുവരി 27ന് വാദം കേട്ടപ്പോൾ കോടതി വിലക്കി. മാർച്ച് 15ന് കുടിശ്ശിക തീർക്കണമെന്നായിരുന്നു കോടതി നിർദേശം.

നാല് തുല്യ ഗഡുക്കളായി പണം നൽകാമെന്ന് ജനുവരിയിൽ പ്രതിരോധ മന്ത്രാലയം ഉറപ്പുനൽകി. മാർച്ച് 15ന് പണം നൽകണമെന്ന കോടതി നിർദേശം നിലനിൽക്കെയായിരുന്നു മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഉത്തരവ് നിലനിൽക്കെ തീരുമാനം എടുത്തതിന്റെ വിശദീകരണം നൽകണമെന്ന് സെക്രട്ടറിയോട് ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

2015 നവംബർ 7നാണ് കേന്ദ്ര സർക്കാർ വൺ റാങ്ക് വൺ പെൻഷൻ പദ്ധതി അവതരിപ്പിക്കുന്നത്. 2022 മാർച്ചിലാണ് സുപ്രീംകോടതി പദ്ധതി ശരിവച്ചത്. മൂന്ന് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 2022 സെപ്റ്റംബറിലും 2023 ജനുവരിയിലും സമയം നീട്ടിക്കൊടുത്തു. ഈ മാസം പതിനഞ്ചിനകം കുടിശ്ശിക ഒറ്റതവണയായി നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. 

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്