ടിആര്‍എസ് എംഎല്‍മാര്‍ 
INDIA

ഒരു എംഎല്‍എയ്ക്ക് 100 കോടി, മൂന്നുപേര്‍ക്ക് 50 കോടി വീതം; തെലങ്കാനയില്‍ 'ഓപ്പറേഷന്‍ താമര' ഏജന്റുമാര്‍ പിടിയില്‍

വെബ് ഡെസ്ക്

തെലങ്കാനയിലും ഓപ്പറേഷന്‍ താമരയുടെ ഭാഗമായി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബിജെപി നീക്കം. ഭരണകക്ഷിയായ ടിആര്‍എസ്സിലെ നാല് എംഎല്‍മാരെ കോടികള്‍ വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമം നടന്നതായി തെലങ്കാന പോലീസ് അറിയിച്ചു. എംഎല്‍എമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഏജന്റുമാരെ പോലീസ് പിടികൂടി. പാര്‍ട്ടിയിലെ പ്രധാനിയായ ഒരു എംഎല്‍ക്ക് 100കോടിയും മറ്റ് മൂന്ന് എംഎല്‍മാര്‍ക്ക് 50 കോടി വീതവുമായിരുന്നു വാഗ്ദാനം.

എംഎല്‍യുടെ വസതിയിലെത്തി പോലീസ് ഏജന്റുമാരെ അറസ്റ്റ് ചെയ്യുന്നു

തന്തൂര്‍ എംഎല്‍എ രോഹിത് റെഡ്ഡിയാണ് അസീസ് നഗറിലുള്ള തന്റെ ഫാം ഹൗസില്‍ വെച്ച് ഡീല്‍ നടക്കുന്ന വിവരവും ഏജന്റുമാരുടെ വിശദാംശങ്ങളും പോലീസിന് കൈമാറിയത്. ഫരീദാബാദില്‍ നിന്നുള്ള സന്യാസിയായ സതീഷ് വര്‍മ എന്ന രാമചന്ദ്ര ഭാരതി, ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നന്ദകുമാര്‍, തിരുപ്പതിയില്‍ നിന്നുള്ള സന്ന്യാസിയായ സിംഹയാജി എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയുമായി അടുത്ത ബന്ധമുള്ളയാളാണ് നന്ദകുമാറെന്ന ആരോപണമുണ്ട്. രോഹിത് റെഡ്ഡിയെ കൂടാതെ അച്ചംപേട്ട് എംഎല്‍എ ഗുവ്വാല ബലരാജ്, കൊല്ലപ്പൂര്‍ എംഎല്‍എ ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പിനാപക എംഎല്‍എ റെഗ്ഗ കാന്ത റാവോ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു കൂറുമാറ്റ ശ്രമം നടന്നത്.

കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിക്കൊപ്പം അറസ്റ്റിലായ നന്ദകുമാര്‍

കൈക്കൂലി നല്‍കി വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ പരാതി നല്‍കിയത്. ബിജെപിയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് അറസ്റ്റിലായവര്‍ സമീപിച്ചതെന്നാണ് എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്കിടെ ടിആര്‍എസില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേരണമെന്ന ആവശ്യം മുന്നോട്ട് വെയ്കുകയായിരുന്നു.

യോഗി ആദിത്യ നാഥിനൊപ്പം സതീഷ് ശര്‍മ്മ

ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു ഒക്ടോബര്‍ അഞ്ചിനാണ് ഭാരത് രാഷ്ട്ര സമിതി രൂപീകരിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ഇതിന് പിന്നാലെയാണ് ടിആര്‍എസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനുള്ള ബിജെപി ശ്രമം. 2019 മുതല്‍ തന്നെ തെലങ്കാനയില്‍ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും