ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ഒരു ചരക്ക് തീവണ്ടി എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിച്ചതായാണ് റെയിൽവെയുടെ സ്ഥിരീകരണം. ആയിരത്തോളം പേർക്ക് പരുക്കേറ്റതായും നിരവധി പേരുടെ നില ഗുരുതരമെന്നുമാണ് കണക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന് ഇടയാക്കിയത് റെയിൽവെയുടെ ഗുരുതര അനാസ്ഥയെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
റെയിൽവെ സുരക്ഷാ സംവിധാനങ്ങളിലെ പിഴവാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഏത് ട്രാക്കിലൂടെ സഞ്ചരിക്കണം എന്നത് സംബന്ധിച്ച ആശയവിനിമയത്തിലുണ്ടായ വീഴ്ചയാണ് അപകടം ക്ഷണിച്ചുവരുത്തിയത്. ഇത് സിഗ്നൽ നൽകിയതിലെ പിഴവാണോ അതോ ലോകോ പൈലറ്റിന്റെ ശ്രദ്ധക്കുറവാണോ എന്നറിയാൻ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്.
ഇന്ത്യൻ റെയിൽവെയെ ബിജെപി തകർത്തെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് പി ആർ വർക്കിലും പ്രകടനങ്ങളിലും മാത്രമാണ് ശ്രദ്ധയെന്ന് ആം ആദ്മി പാർട്ടിയും പറഞ്ഞു. ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവത്തും റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
റെയിൽവെമന്ത്രിക്ക് ആവശ്യമെങ്കിൽ താൻ ഉപദേശം നൽകാമെന്നായിരുന്നു, ദുരന്തസ്ഥലം സന്ദർശിച്ച ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. അശ്വിനി വൈഷ്ണവിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
"ഇത്തരം അപകടങ്ങൾ തടയാൻ ട്രെയിനുകളിൽ ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലല്ല കേന്ദ്രത്തിന്റെ ശ്രദ്ധ. മറിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ ചാരപ്പണി ചെയ്യാൻ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിൽ പണം ചെലവഴിക്കാനാണ്. നരേന്ദ്ര മോദി സർക്കാർ വന്ദേഭാരത് ട്രെയിനുകളെയും പുതുതായി നിർമിച്ച റെയിൽവെ സ്റ്റേഷനുകളെയും കുറിച്ച് വാഴ്ത്തിപ്പറഞ്ഞ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ ആവശ്യമായ സുരക്ഷാ നടപടികൾ അവഗണിക്കുകയാണ്. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗൺ, കാർഷിക നിയമങ്ങൾ, റെയിൽവേ സുരക്ഷാ നടപടികളുടെ അപര്യാപ്തത ഇവയിലേതായാലും കേന്ദ്രത്തിന്റെ നിസംഗതയുടെയും അവരുടെ പ്രവർത്തനങ്ങളുടെയും ഫലം അനുഭവിക്കുന്നത് ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വിഷമത്തിൽ ഞാനും പങ്കുചേരുന്നു. പരുക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കട്ടെ. മനഃസാക്ഷി ലവലേശം ബാക്കിയുണ്ടെങ്കിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണം. ഇപ്പോൾ തന്നെ!" അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അഭിഷേക് ബാനർജിയെ പിന്തുണച്ച് പാർട്ടി വക്താവ് സാകേത് ഗോഖലെയും രംഗത്തെത്തി. "ദുരന്ത ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. സിഗ്നലിങ് തകരാറാണ് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കാൻ കാരണമെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. പല നിർണായക ചോദ്യങ്ങൾക്കും ഉത്തരം ആവശ്യമാണ്" സാകേത് ഗോഖലെ ട്വിറ്ററിൽ കുറിച്ചു.
ട്രെയിൻ അപകടത്തിൽ റെയിൽവേയുടെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി കോൺഗ്രസും രംഗത്തെത്തി. അപകടം ശരിക്കും ഭയാനകമാണെന്നും വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. "റെയിൽവെയുടെ പ്രവർത്തനത്തിൽ സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകേണ്ടത് എന്തുകൊണ്ടാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. നിയമാനുസൃതമായ നിരവധി ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ട്, എന്നാൽ അതിന് നാളെ വരെ കാത്തിരിക്കണം" ജയറാം രമേശ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയോടും റെയിൽവെമന്ത്രിയോടും നിരവധി ചോദ്യങ്ങളുണ്ടെന്നും എന്നാൽ ഇതല്ല ഉചിതമായ സമയമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വവും രംഗത്തെത്തി. "ആഡംബര ട്രെയിനുകളിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണക്കാരുടെ ട്രെയിനുകളും ട്രാക്കുകളും അവഗണിക്കപ്പെടുന്നു. ഒഡിഷയിലെ മരണങ്ങൾ അതിന്റെ അനന്തരഫലമാണ്. റെയിൽവേ മന്ത്രി രാജിവയ്ക്കണം." ബിനോയ് വിശ്വം ട്വീറ്റിറിൽ കുറിച്ചു.
സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. ഇന്ത്യൻ റെയിൽവേയിലെ സിഗ്നലിങ്, സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്ത ആദ്ദേഹം ഇത്തരം ദുരന്തങ്ങൾ സാധാരണമായോക്കുമോയെന്നും ആശങ്കയറിയിച്ചു.
അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഒൻപത് വർഷം തികയുന്നതിന്റെ ഭാഗമായുള്ള ബിജെപിയുടെ എല്ലാ പരിപാടികളും മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ അറിയിച്ചു.