INDIA

'സമരം ചെയ്യുന്നവരെ ശത്രുരാജ്യത്തെ സൈന്യത്തെ പോലെ കാണുന്നു'; കര്‍ഷകന്റെ കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ക്രൂരമായ കൊലപാതകത്തിന് കാരണമായ പോലീസ് ഉദ്യോസ്ഥരെ പിരിച്ചുവിടണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ആവശ്യപ്പെട്ടു

വെബ് ഡെസ്ക്

കര്‍ഷക സമരത്തിനിടെ പോലീസുമായുള്ള സംഘര്‍ഷത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍. മാധ്യമങ്ങള്‍ മറച്ചുവച്ച ബിജെപി കൊന്നുതള്ളിയ കര്‍ഷകരുടെ കണക്ക് ഒരുനാള്‍ ചരിത്രം തീര്‍ച്ചയായും പുറത്തുകൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ''ഖനൗരി അതിര്‍ത്തിയിലെ വെടിവെപ്പില്‍ യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ മരണവാര്‍ത്ത ഹൃദയഭേദകമാണ്. കഴിഞ്ഞ തവണ 700-ല്‍ അധികം കര്‍ഷകരുടെ ബലിദാനത്തിന് ശേഷമാണ് മോദി ധാര്‍ഷ്ട്യം അവസാനിപ്പിച്ചത്. ഇപ്പോള്‍ വീണ്ടും അവരുടെ ശത്രുവായി മാറിയിരിക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

പോലീസ് നടപടിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ''24-കാരനായ യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങിനെ ബിജെപി സര്‍ക്കാരിന് കീഴിലെ ഹരിയാന പോലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നു. അന്നദാതാക്കള്‍ക്ക് നേരെ പോലീസ് വെടിവെപ്പിന് ഉത്തരവിട്ടത് അംഗീകരിക്കാനാകില്ല'', അദ്ദേഹം പറഞ്ഞു. ക്രൂരമായ കൊലപാതകത്തിന് കാരണമായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ആവശ്യപ്പെട്ടു.

കര്‍ഷക സൗഹൃദമാണെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാരിന്റെ ക്രൂരത വെളിപ്പെടുത്തുന്ന കൊലപാതകമാണ് നടന്നതെന്ന് കിസാന്‍ സഭ ആരോപിച്ചു. സമരം ചെയ്യുന്ന കര്‍ഷകരെ ശത്രുരാജ്യത്തെ പട്ടാളക്കാരെ പോലെയാണ് മനോഹര്‍ ലാല്‍ ഘട്ടറിന്റെ ഹരിയാന സര്‍ക്കാര്‍ കാണുന്നത് എന്നും എഐകെഎസ് വിമര്‍ശിച്ചു.

ബിജെപി സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. എല്ലാ കാലഘട്ടത്തിലും ജന്‍മിമാര്‍ ദരിദ്രരെ അടിച്ചമര്‍ത്തുകയും ക്രൂരമായ ശക്തിക്ക് കീഴ്‌പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുമ്പൊരിക്കലും തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അവരുടെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന നിരപരാധികളായ കര്‍ഷകരെ കൊന്നൊടുക്കിയിട്ടില്ല. 10 വര്‍ഷമായി നമ്മുടെ കര്‍ഷകരോട് കള്ളം പറയുകയും മോശമായി പെരുമാറുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ അവരെ കൊല്ലുകയാണ്. ഖനൗരി അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെയും നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നതിനെയും സൂചിപ്പിക്കുന്നു'', മമത പറഞ്ഞു.

ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് ശുഭ്കരണ്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. രണ്ടു പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റു എന്നാണ് പോലീസ് വാദം.

ഇന്ന് രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് നിരന്തരം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. ലാത്തി ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാനായി പാടങ്ങളിലേക്കിറങ്ങിയ കര്‍ഷകര്‍, കല്ലും വടികളുമായി തിരിച്ച് നേരിട്ടു. യുവ കര്‍ഷകന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി സംഘടനകള്‍ അറിയിച്ചു. വെള്ളിയാഴ്ച മാര്‍ച്ച് വീണ്ടും തുടങ്ങും.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം