INDIA

ഡൽഹിയിലെ ഇന്ത്യ സഖ്യ റാലി: മെഹബൂബ മുഫ്തിയും ശരദ് പവാറും ബൃന്ദ കാരാട്ടും വേദിയിൽ

വേദിയിൽ ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും അനുമതി 20,000 പേർക്ക് മാത്രമാണ്

വെബ് ഡെസ്ക്

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ റാലിക്കായി ഒത്തുകൂടി നേതാക്കൾ. മുതിർന്ന എഎപി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് സ്വാഗത പ്രസംഗത്തോടെ റാലി ഉദ്ഘാടനം ചെയ്തു. മെഹബൂബ മുഫ്തിയും ശരദ് പവാറും ബൃന്ദ കാരാട്ടും അടക്കമുള്ളവർ പ്രതിപക്ഷത്തിന്റെ 'ലോക്തന്ത്ര ബച്ചാവോ' (ജനാധിപത്യം സംരക്ഷിക്കുക) റാലിക്കായി വേദിയിലെത്തി. ഉദ്ധവ് താക്കറെ, സുനിത കെജരിവാൾ തുടങ്ങിയവർ വേദിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറൻ എന്നിവരും ഒപ്പം ഇന്ത്യൻ സഖ്യത്തിലെ മിക്കവാറും എല്ലാ മുൻനിര നേതാക്കളും റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും തുടർന്നുണ്ടായ പ്രതിഷേധത്തിന്റെയും സാഹചര്യത്തിൽ രാവിലെ 9 മണിയോടെ തന്നെ ആം ആദ്മി പ്രവർത്തകർ രാംലീല മൈതാനിയിൽ ഒത്തുകൂടിയിരുന്നു. എക്‌സൈസ് നയ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് റാലിയെന്നായിരുന്നു എഎപി അറിയിച്ചിരുന്നത്. എന്നാൽ റാലി ഏതെങ്കിലും വ്യക്തികളിൽ അധിഷ്ഠിതമല്ലെന്നും കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷം ശബ്‍ദം ഉയർത്തുകയാണെന്നും സഖ്യത്തിലെ ഏറ്റവും വലിയ ഘടകകക്ഷിയായ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ചില നിബന്ധനകളോടെയാണ് റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടുള്ളത്. വേദിയിൽ ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും, അനുമതി ഏകദേശം 20,000 പേർക്ക് മാത്രമാണ്. എന്നിരുന്നാലും 30,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ എഎപി പ്രവർത്തകരെ കൊണ്ട് മൈതാനം നിറഞ്ഞിരിക്കുകയാണെന്നാണ് ആ ആദ്മി അറിയിച്ചത്.

"സമയം രാവിലെ 10 മണി, ആളുകൾ ഇതിനകം തന്നെ വൻതോതിൽ തടിച്ചുകൂടി. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യമെമ്പാടുമുള്ള ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാൾ തങ്ങളുടെ ജീവിതം മാറ്റിമറിച്ചെന്ന് ഡല്‍ഹിയിലെ ജനങ്ങൾക്ക് അറിയാം. അദ്ദേഹം അറസ്റ്റിലാണ്, എന്നിട്ടും, അദ്ദേഹം ഡൽഹിയെക്കുറിച്ച് ആശങ്കാകുലനാണ്, അവർക്കായി സന്ദേശങ്ങൾ അയയ്ക്കുന്നു," എഎപി നേതാവ് അതിഷി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപന സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന ഇടതു പാര്‍ട്ടികളും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. മമത ബാനര്‍ജി പക്ഷേ റാലിയില്‍ പങ്കെടുക്കില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം, ഡെറിക് ഒബ്രയാന്‍ ആണ് ടിഎംസിക്ക് വേണ്ടി പങ്കെടുക്കുന്നത്.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന യുബിടി തലവന്‍ ഉദ്ദവ് താക്കറെ, ഡിഎംകെയുടെ തിരുച്ചി ശിവ, ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള, സിപിഐഎംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ജി ദേവരാജന്‍ എന്നിവരാണ് റാലിയില്‍ പങ്കെടുക്കുന്ന മറ്റ് നേതാക്കള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ