INDIA

'മോദിയ്ക്ക് ഇനി ഒളിക്കാനാകില്ല, സത്യം ഒരിക്കല്‍ പുറത്തുവരും'; അദാനി വിഷയം പ്രധാനമന്ത്രിക്കെതിരായ ആയുധമാക്കി പ്രതിപക്ഷം

ഓഹരി വിപണിയിലെ വ്യാപകമായ തട്ടിപ്പിൻ്റെ തെളിവുകള്‍ പുറത്തുവന്നിട്ടും നടപടിയുണ്ടാവത്തതിലൂടെ അദാനിയുമായി പ്രധാനമന്ത്രിക്കുള്ള അടുത്ത ബന്ധമാണ് തുറന്നുകാട്ടുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

വെബ് ഡെസ്ക്

അദാനിക്കെതിരായ ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. മോദിയുടെ സുഹൃത്തായ അദാനിയുടെ ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ശക്തമാവുകയാണെന്നും ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്ക് മാത്രമേ ഇതിന്റെ സത്യങ്ങള്‍ പുറത്ത്കൊണ്ടുവരാന്‍ സാധിക്കുള്ളു എന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഓഹരി വിപണിയിലെ വ്യാപകമായ തട്ടിപ്പിനും ക്രമക്കേടിനുമെതിരെയുള്ള തെളിവുകള്‍ പുറത്തുവന്നിട്ടും നടപടിയുണ്ടാവത്തതിലൂടെ അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ബന്ധമാണ് തുറന്നുകാട്ടുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പ്രതികരിച്ചു.

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഷെല്‍ കമ്പനികളുടെ പങ്ക് ശരിയായി അന്വേഷിക്കുന്നതില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ പങ്കിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ചോദ്യം ചെയ്തു. മോദി സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും സത്യങ്ങള്‍ എക്കാലത്തേക്കും അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും എങ്കിലും അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളുടെ ക്രമക്കേടുകളെ കുറിച്ച് ജെപിസി കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. '' അദാനി ഗ്രൂപ്പിലേക്കുള്ള ബിനാമി ഫണ്ടുകളുടെ ഒഴുക്ക്, രാജ്യത്തിന്റെ നിര്‍ണായകമായ അടിസ്ഥാന പ്രവര്‍ത്തനങ്ങളിലെ വിദേശ പൗരന്മാരുടെ പങ്ക്, അടുത്ത സൃഹൃത്തിന്റെ സാമ്പത്തിക ക്രമക്കേടുകളെ സഹായിക്കാന്‍ മോദി എന്തൊക്കെ ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു എന്നതിനെ കുറിച്ചെല്ലാം ജെപിസിയ്ക്ക് മാത്രമേ പുറത്തു കൊണ്ടുവരാന്‍ കഴിയൂ'' അദ്ദേഹം ചൂണ്ടിക്കാട്ടി.

അദാനിക്കെതിരായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അന്വേഷണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ എക്‌സില്‍ കുറിച്ചു. അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ ഓഹരി വിലയില്‍ കൃത്രിമം കാണിച്ച് അവയുടെ മൂല്യവും ആസ്തിയും വര്‍ധിപ്പിച്ചതിന് പുതിയ തെളിവുകള്‍ പുറത്തു വന്നു, മുന്‍പ് ഇതിനെതിരെ സെബി അന്വേഷിച്ചുവെങ്കിലും അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിച്ചതിനെക്കുറിച്ചും പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ട്.

അന്വേഷണത്തില്‍ യാതൊരുവിധത്തിലുള്ള മൂടി വയ്ക്കലുകളുമുണ്ടാകില്ലെന്ന് സുപ്രീം കോടതി ഉറപ്പ് വരുത്തണം

' 2014 ല്‍ അദാനി കമ്പനികളുടെ വിദേശ ഫണ്ടിങ് സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് സെബി അന്വേഷിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓഹരി വിപണിയിലെ വ്യാപക തട്ടിപ്പിനും ക്രമക്കേടുകള്‍ക്കുമെതിരെ അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മോദി-അദാനി ബന്ധത്തിലൂടെ മുന്നേ തന്നെ മനസിലായിട്ടുണ്ട്. പുറത്തു വന്ന ഗുരുതരമായ തെളിവുകള്‍ അന്വേഷണത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നുണ്ട്. അന്വേഷണത്തില്‍ യാതൊരുവിധത്തിലുള്ള മൂടി വയ്ക്കലുകളുമുണ്ടാകില്ലെന്ന് സുപ്രീം കോടതി ഉറപ്പ് വരുത്തണം'. പോളിറ്റ്ബ്യൂറോ ഇറക്കിയ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

അന്വേഷണം ആവശ്യപ്പെട്ട് സെബി ചെയര്‍പേഴ്‌സണ് കത്തയച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ പ്രതികരിച്ചു. വിനോദ് അദാനിക്ക് വേണ്ടി ഷഹ്ബാന്‍ അഹ്ലി, ചാങ് ചുങ് ലിങ് എന്നിവര്‍ നിയമവിരുദ്ധമായി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഓഹരിയില്‍ വന്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഒസിസിആര്‍പി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ഗോഖലെ കത്തില്‍ പറയുന്നു. ഇവ ഗുരുതരമായ ആരോപണമാണ്, ഓഹരി ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പ് ഇതിനകം തന്നെ സുപ്രീം കോടതി നിരീക്ഷണത്തിലാണെങ്കിലും സെബിയുടെ കീഴിലും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. അതിനാല്‍ അടിയന്തിരമായി ഒസിസിആര്‍പി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റെടുക്കുകയും വിശദമായി അന്വേഷിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗോഖലെ കത്തില്‍ പറയുന്നു.

മോദിക്കെതിരെയും സെബിക്കെതിരെയും ശക്തമായ പ്രതികരണവുമായി കെ സി വേണുഗോപാല്‍ എംപിയും രംഗത്തുവന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി കുഭകോണം. അധികാരത്തിലേറ്റതുമുതല്‍ തന്റെ സുഹൃത്തിനെ സമ്പന്നമാക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മോദി പ്രവര്‍ത്തിക്കുന്നത്. അവരുടെ വളര്‍ച്ചയ്ക്ക് മോദി സര്‍ക്കാരും സെബിയും നിയമവിരുദ്ധമായി വളംവെച്ചുകൊടുക്കുകയായിരുന്നു. ''ആരുടെ 20000 കോടി രൂപയാണ് ഈ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒളിപ്പിക്കുന്നത് എന്നാണ് ഞങ്ങളുടെ ആദ്യത്തെ ചോദ്യം. പ്രധാനമന്ത്രി മോദിയുടെ ഉറ്റ സുഹൃത്ത് അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കല്‍ റാക്കറ്റ് നടത്തുന്നുണ്ടെന്ന് ഉറപ്പാണ്, ഇനിയും മോദിക്ക് കമ്മിറ്റികള്‍ക്കും ബ്യൂറോക്രാറ്റിക് റിപ്പോര്‍ട്ടുകള്‍ക്കും പിന്നില്‍ ഒളിക്കാന്‍ സാധിക്കില്ല, ഞങ്ങള്‍ക്ക് ഉത്തരം കിട്ടണം'' കോണ്‍ഗ്രസ് എംപി എക്‌സില്‍ കുറിച്ചു.

അദാനിക്കെതിരായ തെളിവുകള്‍ മോദിയെ പൂട്ടാനുള്ള വജ്യായുധമാക്കി മാറ്റിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സെബിക്ക് ഇതിനെക്കുറിച്ചെല്ലാം അറിയാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അതൊക്കെ അവഗണിച്ചു ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു എന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഇവര്‍ സുപ്രീം കോടതിയെ കബളിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ഇഡിക്കും സിബിഐക്കും പരാതി നല്‍കുമെന്നും നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍