INDIA

'പ്രധാനമന്ത്രിയോട് പാർലമെന്റില്‍ മറുപടി പറയാൻ ആവശ്യപ്പെടണം, മോദി മണിപ്പൂർ സന്ദർശിക്കണം'; രാഷ്ട്രപതിയോട് പ്രതിപക്ഷം

ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ

വെബ് ഡെസ്ക്

മണിപ്പൂർ വിഷയത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി പ്രതിപക്ഷ എംപിമാർ കൂടിക്കാഴ്ച നടത്തി. വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നേതാക്കള്‍ മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് രാഷ്‌ട്രപതിക്ക് നിവേദനം സമർപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ വിഷയത്തില്‍ പാർലമെന്റിനെ അഭിസംബോധന ചെയ്യണമെന്നും സംഘർഷം രൂക്ഷമായ സംസ്ഥാനം സന്ദർശിക്കണമെന്നുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം. ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മണിപ്പൂർ സന്ദർശിച്ച 'ഇന്ത്യ'യുടെ 21 നേതാക്കൾ ഉൾപ്പെടെ 31 പേരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. മണിപ്പൂരിലെ നിലവിലെ സ്ഥിഗതികളെക്കുറിച്ചും പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെക്കുറിച്ചും നേതാക്കൾ രാഷ്ട്രപതിയോട് വിശദീകരിച്ചു. "ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നത്" നേതാക്കള്‍ നിവേദനത്തില്‍ വ്യക്തമാക്കി.

ഹരിയാനയിലെ അക്രമസംഭവങ്ങളും നിവേദനത്തില്‍ പരാമർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള ഹരിയാനയിലെ നൂഹിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിന് ആശങ്കയില്ലെന്ന് നിവേദനത്തില്‍ ആരോപിക്കുന്നു. " മണിപ്പൂരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പാർലമെന്റിനെ അടിയന്തരമായി അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിയോട് സമ്മർദം ചെലുത്താൻ ഞങ്ങൾ അഭ്യർഥിക്കുന്നു, തുടർന്ന് വിഷയത്തിൽ വിശദവും സമഗ്രവുമായ ചർച്ച നടത്തണം,” പ്രതിപക്ഷം ആവശ്യപ്പെട്ടു.

"പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ച് സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം. ആരാണ് ജനങ്ങൾക്ക് ഇത്രയധികം അത്യാധുനിക ആയുധങ്ങൾ നൽകുന്നത്?"ഖാർഗെ പറഞ്ഞു. “മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ പാർലമെന്റിൽ അടിയന്തര പ്രമേയം കൊണ്ടുവരുന്നതിൽ പ്രതിപക്ഷം പല മാർഗങ്ങൾ സ്വീകരിച്ചെങ്കിലും നടന്നില്ല. അവിശ്വാസ പ്രമേയം അവസാന ആശ്രയമാണ്. രണ്ട് സെക്കൻഡിനുള്ളിൽ അവർ എന്റെ മൈക്ക് ഓഫ് ചെയ്യുക പോലും ചെയ്തു. ഭരണകക്ഷിക്ക് ജനാധിപത്യത്തിന്റെ പാതയിൽ സഞ്ചരിക്കാൻ താൽപ്പര്യമില്ല,” ഖാർഗെ പറഞ്ഞു.

അതേസമയം, മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ നേതാക്കൾ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഭയിലെത്താൻ നിർദേശം നൽകാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ വ്യക്തമാക്കി. മണിപ്പൂരിലെ അശാന്തിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റൂൾ 267 പ്രകാരമുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസുകൾക്ക് ക്രമമില്ലെന്ന് ചൂണ്ടിക്കാട്ടി അവ സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് പ്രതിപക്ഷ നേതാക്കൾ രാജ്യസഭയിൽ നിന്നിറങ്ങിപ്പോയി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ