ജസ്റ്റിസ് യു യു ലളിത് 
INDIA

ചീഫ് ജസ്റ്റിസ് യു യു ലളിത് ഇന്ന് വിരമിക്കും; ഓര്‍മകള്‍ പങ്കുവെച്ച് വിടവാങ്ങല്‍ പ്രസംഗം

അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് യുയു ലളിത്

വെബ് ഡെസ്ക്

സുപ്രീംകോടതിയിലെ 37 വര്‍ഷത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് യു യു ലളിത് പടിയിറങ്ങി. ഇന്നു വരെ കാലാവധിയുണ്ടെങ്കിലും, ഗുരു നാനാക് ജയന്തിയുടെ അവധി ദിനമായതിനാല്‍ ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനം. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിർണായക മാറ്റങ്ങൾക്ക് തുടക്കം കുറിച്ചാണ് ലളിത് പടിയിറങ്ങുന്നത്. ഒന്നാംനമ്പർ കോടതിയിൽ ഔദ്യോഗികജീവിതം ആരംഭിച്ച ലളിതിന്, അതേ കോടതി മുറിയില്‍ തന്നെ ബാർ അസോസിയേ‍ഷൻ തിങ്കളാഴ്ച യാത്രയയപ്പ് നൽകി. തികഞ്ഞ സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നത് ലളിത് പറഞ്ഞു. അഭിഭാഷകന്‍ എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലുമുള്ള, ഔദ്യോഗിക ജീവിതത്തിലെ ഓര്‍മകളും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പങ്കുവെച്ചു.

''എന്റെ യാത്ര തുടങ്ങിയതും അവസാനിക്കുന്നതും ഇതേ കോടതിയിലാണ്. ഇപ്പോള്‍ എന്റെ ചുമതലകളെല്ലാം എന്തു കൊണ്ടും യോഗ്യനായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൈമാറുകയാണ്. വളരെ മനോഹരമായ ഒരു നിമിഷമാണിത്''
യു യു ലളിത്

ആദ്യമായി കോടതിയില്‍ അഭിഭാഷകനായി പ്രവേശിച്ചപ്പോഴും ഇപ്പോള്‍ പടിയിറങ്ങുമ്പോഴും ചീഫ് ജസ്റ്റിസ് സ്ഥാനത്തുള്ളത് അച്ഛന്‍ വൈ വി ചന്ദ്രചൂഡും മകന്‍ ഡിവൈ ചന്ദ്രചൂഡും ആണെന്ന പ്രത്യേകത അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായി സുപ്രീംകോടതിയില്‍ ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന് മുന്നില്‍ കേസ് വാദിച്ച ഓര്‍മയും അദ്ദേഹം പങ്കു വെച്ചു. ''എന്റെ യാത്ര തുടങ്ങിയതും അവസാനിക്കുന്നതും ഇതേ കോടതിയിലാണ്. ഇപ്പോള്‍ എന്റെ ചുമതലകളെല്ലാം എന്തു കൊണ്ടും യോഗ്യനായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൈമാറുകയാണ്. വളരെ മനോഹരമായ ഒരു നിമിഷമാണിത്'' -അദ്ദേഹം പറഞ്ഞു.

അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് യുയു ലളിത്

ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള അവസാന പ്രവൃത്തിദിവസമായ ഇന്ന് ബാര്‍ അസോസിയേഷന്‍ നല്‍കിയ വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യു യു ലളിത്. ഒരു സാധാരണ അഭിഭാഷകനായി സുപ്രീംകോടതിയിലേക്കെത്തി ചീഫ് ജസ്റ്റിസ് എന്ന നിലയിലേക്കുയര്‍ന്ന യു യു ലളിതിന്റേത് വളരെ വിരളമായ നേട്ടമാണെന്ന് പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ലളിത് കുടുംബത്തിന്റെ മൂന്ന് തലമുറകളുടെ സേവനം നമുക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്ന് ലളിത് കുടുംബത്തിലെ മൂന്ന് തലമുറകൾ ഇവിടെയുണ്ട്. ചീഫ് ജസ്റ്റിസ് ലളിത്, അദ്ദേഹത്തിന്റെ പിതാവ്, പിന്നെ അദ്ദേഹത്തിന്റെ അടുത്ത തലമുറയും''-ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ബുധനാഴ്ച 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേല്‍ക്കും. അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് യുയു ലളിത്. എസ് എം സിക്രിയാണ് ആദ്യത്തെയാള്‍.

1957 നവംബര്‍ 9 ന് മഹാരാഷ്ട്രയില്‍ ജനിച്ച യു യു ലളിത് 1983ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. ബോംബെ ഹൈക്കോടതിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചശേഷം പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റി. 2004 ലാണ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനാകുന്നത്. 2ജി സ്പെക്ട്രം കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിരുന്ന യു യു ലളിത് മുത്തലാഖ്, പത്മനാഭസ്വാമി ക്ഷേത്രം കേസുകളില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു. സുപ്രീംകോടതിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചെങ്കിലും ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന്റെ കാലാവധി 74 ദിവസങ്ങൾ മാത്രമായിരുന്നു. ഓഗസ്റ്റ് 27 നാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്.

ചീഫ് ജസ്റ്റിസ് ആയതിന് പിന്നാലെ കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം തീർപ്പാക്കാൻ യു യു ലളിത് പല നടപടികളും സ്വീകരിച്ചു

ചുമതലയേറ്റ ആദ്യ മാസം തന്നെ അഞ്ച് ഭരണഘടനാ ബെഞ്ചുകൾ അദ്ദേഹം രൂപീകരിച്ചു. സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേഷണവും ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ആയതിന് പിന്നാലെ കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം തീർപ്പാക്കാൻ യു യു ലളിത് പല നടപടികളും സ്വീകരിച്ചു. സുപ്രീംകോടതി കേസുകൾ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ രീതി കൊണ്ടുവരുന്നതടക്കം പല സുപ്രധാന മാറ്റങ്ങളും തീരുമാനങ്ങളും കൊണ്ടുവന്നാണ് യു യു ലളിത് പടിയിറങ്ങുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ