ഇന്ത്യയില്‍ എയ്ഡ്സ് ബാധിതരുടെ എണ്ണം 24 ലക്ഷമെന്ന് കണക്കുകള്‍. 2021ലെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് എച്ച്ഐവി റിപ്പോർട്ട് ചെയ്തത്. 42,000 പേരാണ് കഴിഞ്ഞ വർഷം എയ്ഡ്‌സ് ബാധിച്ച് മരിച്ചത്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ 2021ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.21 ശതമാനമാണ് എച്ച്ഐവി ബാധിതർ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2021ല്‍ രാജ്യത്ത് 63,000 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 2010നെ അപേക്ഷിച്ച് ഇത് 46.3 ശതമാനം കുറവാണ്. അതേസമയം ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും കണക്കുകള്‍ സൂച്ചിപ്പിക്കുന്നു. ഹിമാചല്‍ പ്രദേശില്‍ 43 ശതമാനവും തമിഴ്‌നാട്ടില്‍ 72 ശതമാനവും തെലങ്കാനയില്‍ 71 ശതമാനവുമാണ് രോഗം ബാധിച്ചവരുടെ എണ്ണം.
അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശ്, അസം, സിക്കിം, മിസോറാം എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ദാമൻ ദിയു, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലും പുതുതായി എച്ച്ഐവി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, എച്ച്ഐവി ബാധിതരുടെ എണ്ണം 2010-2021 കാലയളവിൽ ആഗോള ശരാശരിയായ 32 ശതമാനത്തിൽ നിന്ന് 46 ശതമാനം കുറഞ്ഞതായി ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ അഡീഷണൽ സെക്രട്ടറിയും ഡയറക്‌ടർ ജനറലുമായ ഹെകലി ഷിമോമി പറഞ്ഞു. എയ്ഡ്സ് മരണ നിരക്കിലും ഗണ്യമായ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. മരണനിരക്ക് ആഗോള ശരാശരിയായ 52 ശതമാനത്തിനെതിരെ 76 ശതമാനം കുറഞ്ഞു.
പുതുച്ചേരി, അരുണാചൽ പ്രദേശ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എയ്ഡ്സ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ചണ്ഡീസ്ഗഡ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി എസ് ഗോപാലകൃഷ്ണൻ പറഞ്ഞു.
2021ൽ, പ്രായപൂർത്തിയായ പുരുഷന്മാരിൽ എച്ച്ഐവി വ്യാപനം 0.22 ശതമാനവും സ്ത്രീകളിൽ ഇത് 0.19 ശതമാനവുമായിരുന്നു. ഇന്ത്യയിൽ ആകെ എച്ച്‌ഐവി ബാധിതരായ ആളുകളുടെ ഏഴ് ശതമാനവും യുവാക്കളാണ്. എച്ച്ഐവി ബാധിതരിൽ 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ്. 2021ൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം 63,000 കവിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. മൊത്തം എച്ച്ഐവി ബാധിതരുടെ 92 ശതമാനവും (58,000ത്തിലധികം) 15 വയസ്സിന് മുകളിലുള്ളവരാണ്.