വാലന്റൈന്‍സ് ഡേയ്ക്ക് ഇനി അധിക ദിവസമില്ല. പ്രണയിതാക്കള്‍ക്ക് ആഘോഷിക്കാനുള്ള ദിനം അടുത്തുവരുമ്പോള്‍ 78 ശതമാനം ഇന്ത്യക്കാര്‍ ഡേറ്റിങ് ആപ്പുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. വ്യക്തികള്‍ക്ക് എളുപ്പത്തില്‍ പരിചയപ്പെടാനും ആശയവിനിമയം നടത്താനും ഡേറ്റിങ് ആപ്പുകള്‍ സഹായിക്കുമെങ്കിലും കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സര്‍വീസ് കമ്പനിയായ മക്കാഫി മുന്നറിയിപ്പ് നല്‍കുന്നു.
നിര്‍മിതബുദ്ധിയും ഇന്റര്‍നെറ്റും പ്രണയത്തെ എങ്ങനെ സ്വാധിനിക്കുന്നു എന്ന് മക്കാഫി നടത്തിയ മോഡേണ്‍ ലൗ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒന്‍പത് വ്യത്യസ്ത രാജ്യങ്ങളിലെ അയ്യായിരം പേരിലാണ് സര്‍വേ നടത്തിയത്.
ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകള്‍ ഉപയോഗിച്ച് പ്രണയ ലേഖനങ്ങള്‍ എഴുതുന്ന പ്രവണതയും കൂടിവരുന്നതായി പഠനം വ്യക്തമാക്കുന്നു. ഓണ്‍ലൈനില്‍ നിന്ന് പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനല്ല തങ്ങളുടെ ഉദ്ദേശ്യമെന്ന് മക്കാഫി ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്റ്റീവ് ഗ്രോബ്മാന്‍ പ്രതികരിച്ചു. തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള നിർദേമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ജനങ്ങളില്‍ 37ശതമാനം പേരും പ്രണയത്തിന്റെ പേരില്‍ പണം തട്ടുന്ന ക്യാറ്റ്ഫിഷിങ്ങിന്റെ ഇരകളാകാന്‍ സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. സര്‍വേയില്‍ പങ്കെടുത്ത മുതിര്‍ന്ന ആള്‍ക്കാരില്‍ 55 ശതമാനം പേരോടും ഇത്തരത്തില്‍ തട്ടിപ്പ് സംഘങ്ങള്‍ പണം കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 ശതമാനം കേസുകളിലും എട്ട് ലക്ഷത്തിലധികം രൂപയാണ് ആവശ്യപ്പെട്ടത്.
സാമൂഹിക മാധ്യമങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തട്ടിപ്പ് വാപകമാകുമ്പോള്‍ അവ തിരിച്ചറിയാനുള്ള വഴികളും പഠനം വ്യക്തമാക്കുന്നുണ്ട്. ചാറ്റിങില്‍ മാത്രമാകും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ വിലസുക. കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പുകളില്‍ മറുവശത്തുള്ള 'വ്യാജന്‍ പങ്കാളി' വീഡിയോ കോളിലോ നേരിട്ടോ പ്രത്യക്ഷപ്പെടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 39ശതമാനം ആള്‍ക്കാരും വ്യക്തമാക്കി.
മുതിര്‍ന്നവരില്‍ 69 ശതമാനം പേരെയും ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘങ്ങള്‍ പരിചയം സ്ഥാപിച്ചത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 76 ശതമാനം പേരും തട്ടിപ്പിനെക്കുറിച്ച് അറിയാവുന്നവരോ തട്ടിപ്പിന് ഇരയായിട്ടോ ഉള്ളവരാണ്. അവരില്‍തന്നെ 30നും 50നും ഇടയില്‍ പ്രായമുള്ള 47 ശതമാനം പേരാണ് തട്ടിപ്പിന് ഇരകളായത്.