INDIA

ജോഷിമഠില്‍ എണ്ണൂറിലേറെ കെട്ടിടങ്ങള്‍ക്ക് വിള്ളല്‍; അപകടമേഖലയിലുള്ളത് 165 കെട്ടിടങ്ങള്‍

237 കുടുംബങ്ങളിലെ 800 പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ദുരന്തനിവാരണ അതോറിറ്റി

വെബ് ഡെസ്ക്

ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം നേരിടുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നാശനഷ്ടത്തിന്റെ തോത് ഉയരും. വിള്ളലുകള്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 849 ആയി ഉയര്‍ന്നു. ഇതില്‍ 165 എണ്ണം അപകടമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ജോഷിമഠിലെ കൂടുതല്‍ കുടുംബങ്ങളെ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്ന നടപടിയും നഗരത്തിലെ സുരക്ഷിതമല്ലാത്ത രണ്ട് ഹോട്ടലുകള്‍ പൊളിച്ച് നീക്കുന്നതും തുടരുകയാണ്.

237 കുടുംബങ്ങളിലായി 800 പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 83 ഇടങ്ങളിലായി 615 മുറികള്‍ നഗരത്തില്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളായി മാറ്റി. ഇവിടെ 2190 പേരെ പാര്‍പ്പിക്കാനാകും. മറ്റിടങ്ങളിലും താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ദുരിതബാധിതരായ 396 കുടുംബങ്ങള്‍ക്ക് 301.77 ലക്ഷം രൂപയുടെ ഇടക്കാല ധനസഹായം ഇതുവരെ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഭക്ഷണ കിറ്റുകളും ദുരിതാശ്വാസ സാമഗ്രികളും കൃത്യമായ ഇടവേളകളില്‍ വിതരണം ചെയ്യുന്നുണ്ട്.

ജോഷിമഠിന് ഉത്തരാഖണ്ഡ് സർക്കാർ 45 കോടിയുടെ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തിന് 1.50 ലക്ഷം വീതം ഇടക്കാല സഹായമാണ് നൽകുന്നത്. സ്ഥിരമായ പുനരധിവാസ നയം തയ്യാറാകുന്നത് വരെ, നാശനഷ്ടമുണ്ടായ ഭൂവുടമകൾക്കും ​​കുടുംബങ്ങൾക്കും മുൻകൂറായി ​​ഒരു ലക്ഷം രൂപ നൽകിയിരുന്നു.

അതിനിടെ, ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന സാഹചര്യം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ദുരിതാശ്വാസ, പുനരധിവാസ വിഷയങ്ങളിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹര്‍ജിക്കാരന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നടപടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ