സിനിമാ തിയേറ്ററുകളില്‍ സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന് സുപ്രീംകോടതി. എന്നാല്‍ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണഅടെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണമോ പാനീയങ്ങളോ തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
തീയേറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്താണ്. അവിടെ എന്ത് ഭക്ഷണം വില്‍ക്കണമെന്നോ കൊണ്ടുവരണമെന്നോ തീരുമാനിക്കാനുള്ള അവകാശം ഉടമയ്ക്കുണ്ട്. ഇതിനായുള്ള വ്യവസ്ഥകളും നിബന്ധനകളും ഉടമയ്ക്ക് നടപ്പാക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി നരസിംഹയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തീയേറ്റര്‍ തിരഞ്ഞെടുക്കുന്നതിനും ലഭ്യമായവ കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനും പ്രേക്ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. സിനിമ കാണുന്നതിനായി നിശ്ചിത തീയേറ്റര്‍ തിരഞ്ഞെടുക്കുന്നയാള്‍ അവിടുത്തെ ഇത്തരം വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2018ലെ ജമ്മു കശ്മീര്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തീയേറ്റര്‍ ഉടമകളും മള്‍ട്ടിപ്ലെക്‌സ് അസോയിയേഷന്‍ ഓഫ് ഇന്ത്യയും സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. തീയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഭക്ഷണപാനീയങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്നതായിരുന്നു ഹൈക്കോടതി വിധി. ജമ്മു കശ്മീര്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി അധികാര പരിധി ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.