പബ്ജി കളിയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് വനിതയെയും നാല് കുട്ടികളെയും തിരികെ രാജ്യത്തേയ്ക്ക് മടക്കി അയയ്ക്കണമെന്ന അഭ്യർഥനയുമായി ഭർത്താവ്. തിരിച്ചയയ്ക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു നൽകണമെന്ന് സീമയുടെ ഭർത്താവ് ഗുലാം ഹൈദർ വീഡിയോയിലൂടെ അഭ്യർഥിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും എത്രയും വേഗം ഭാര്യയെയും നാല് കുട്ടികളെയും സ്വന്തം രാജ്യമായ പാകിസ്താനിലേക്ക് അയയ്ക്കാൻ സഹായിക്കണമെന്നുമാണ് അപേക്ഷ.
"പബ്‌ജി കളി വഴി പരിചയപ്പെട്ട് പ്രലോഭിപ്പിച്ചതിനാലാണ് ഭാര്യ ഇന്ത്യയിലേയ്ക്ക് എത്തിയത്. ഇന്ത്യയിലെ മാധ്യമങ്ങൾ വഴിയാണ് കാണാതായ ഭാര്യയെയും മക്കളെയും കുറിച്ച് വിവരം ലഭിച്ചത്. അതിന്റെ കടപ്പാട് തനിക്ക് എപ്പോഴുമുണ്ടാകും. ഭാര്യയെ നോയിഡയിൽ വച്ച് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. ഏഴും മൂന്നും വയസ് പ്രായമുള്ള എന്റെ രണ്ട് കുട്ടികളും ഒപ്പമുണ്ട്. അവരെ എത്രയും വേഗം പാകിസ്താനിലേയ്ക്ക് മടക്കി കൊണ്ടുവരണമെന്ന് ഞാൻ ഇന്ത്യ, പാകിസ്താൻ സർക്കാരുകളോട് അഭ്യർഥിക്കുകയാണ്", ഗുലാം ഹൈദർ പറഞ്ഞു.
മെയ് 10 മുതൽ ഭാര്യയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ പിതാവിനെ അറിയിച്ചു. പിതാവ് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടതോടെ കറാച്ചിയിലുള്ള മാലിർ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. സീമയെ വിവാഹമോചനം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഗുലാം ഹൈദർ പറഞ്ഞു.
ഗെയിമിങ്ങ് പ്ലാറ്റ് ഫോമായ പബ്ജിയിലൂടെയാണ് പാക് പൗരയായ സീമ ഗുലാമും ഗ്രേറ്റര്‍ നോയിഡയിൽ താമസിക്കുന്ന സച്ചിനും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാകുകയും തുടര്‍ന്ന് സച്ചിനൊപ്പം ജീവിക്കാനായി സീമ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. ഈ വര്‍ഷം മേയിലാണ് നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചത്. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.