രണ്ട് വര്‍ഷത്തോളമായി നയതന്ത്രബന്ധം ചലനമറ്റെങ്കിലും രാജ്യത്തെ ആണവ വിവരങ്ങള്‍ പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും. പരസ്പര ധാരണപ്രകാരമുള്ള മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പതിവാണ് ഇരു രാജ്യങ്ങളും തുടര്‍ന്നത്. ജയിലുകളില്‍ കഴിയുന്ന പൗരന്മാരുടെ പട്ടികയും ഇരു രാജ്യങ്ങളും കൈമാറിയിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
എല്ലാ വര്‍ഷവും ഒന്നാം തീയതി രാജ്യത്തെ ആണവായുധങ്ങളുടെ വിവരങ്ങള്‍ കൈമാറുന്ന പതിവാണ് ഇന്ത്യയും പാകിസ്താനും തുടര്‍ന്നത്. രാജ്യത്തെ ആണവ സംവിധാനങ്ങള്‍, സൗകര്യങ്ങള്‍, ആണവായുധങ്ങള്‍ എന്നിവ സംബന്ധിച്ച പട്ടികയാണ് കൈമാറുന്നത്. വിവരങ്ങള്‍ ഞായറാഴ്ച ഇസ്ലാമാബാദിലെ ഇന്ത്യന്‍ മിഷന് കൈമാറിയതായി പാക് വിദേശകാര്യ മന്ത്രാലയം ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലെ പാക് മിഷന് ഇന്ത്യയും വിവരങ്ങള്‍ കൈമാറിയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അതേസമയം, റോയിട്ടേഴ്‌സിന്റെ ചോദ്യത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
1988 ഡിസംബർ 31നാണ് ആണവ വിവരങ്ങൾ പരസ്പരം കൈമാറുന്നത് സംബന്ധിച്ച കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. ജനുവരി ഒന്നിന് വിവരങ്ങൾ കൈമാറണമെന്നാണ് കരാര്‍. അതനുസരിച്ച് 1992 ജനുവരി ഒന്നിനാണ് ആദ്യമായി ആണവ വിവരങ്ങൾ ഇരുരാജ്യങ്ങളും കൈമാറിയത്. അത് പിന്നീട് തുടര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം രണ്ട് വര്‍ഷമായി ഏറെക്കുറെ അവസാനിച്ച നിലയിലാണ്. പോയവര്‍ഷം ഇന്ത്യയുടെ മിസൈല്‍ ലക്ഷ്യം തെറ്റി പാകിസ്താനില്‍ പതിച്ചത് വലിയ വാഗ്വാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. അതിനിടെയാണ് പതിവ് തെറ്റിക്കാതെയുള്ള ആണവ വിവര കൈമാറ്റം.
ആണവായുധങ്ങളുടെ വിവരങ്ങള്‍ക്കൊപ്പം ഇരു രാജ്യങ്ങളിലെയും ജയിലില്‍ കഴിയുന്ന പൗരന്മാരുടെ പട്ടികയും പരസ്പരം ലഭ്യമാക്കിയിട്ടുണ്ട്. 654 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 705 ഇന്ത്യക്കാരാണ് പാകിസ്താന്‍ ജയിലില്‍ ഉള്ളത്. ഇന്ത്യയില്‍ 95 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 434 പാക് പൗരന്മാരാണ് ജയിലിലുള്ളത്. 51 സിവിലിയന്‍ തടവുകാരെയും ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കിയ 94 മത്സ്യത്തൊഴിലാളികളെയും മോചിപ്പിച്ച് തിരിച്ചയയ്ക്കണമെന്ന് പാകിസ്താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. 56 സിവില്‍ തടവുകാര്‍ക്ക് പ്രത്യേക കോണ്‍സുലാര്‍ പ്രവേശനത്തിനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. സമുദ്രാതിര്‍ത്തി ലംഘിക്കുന്നതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്.