മയക്കുമരുന്നുമായി വന്ന പാകിസ്താൻ ഡ്രോൺ ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിവച്ചിട്ടിട്ടു. അട്ടാരി - വാഗാ അതിർത്തിയിലാണ് സംഭവം. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാകിസ്താന്റെ ഡ്രോൺ അമൃത്സറിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞ് വെടിവച്ചിടുകയായിരുന്നു. ഏകദേശം 3.2 കിലോഗ്രാം തൂക്കമുള്ള മയക്കു മരുന്നാണ് പിടിച്ചെടുത്തത്.
ഡ്രോൺ വഴി ഇന്ത്യയിലേക്ക് പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. മയക്കുമരുന്നുകൾ കൂടാതെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
പഞ്ചാബ് അമൃത്സർ അതിർത്തിയിൽ നുഴഞ്ഞു കേറിയ പാകിസ്താൻ ഡ്രോണുകൾ കഴിഞ്ഞ മാസം മെയ് 28 ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിവച്ചിട്ടിരുന്നു. 2.7 കിലോഗ്രാം മയക്കുമരുന്ന് ഘടിപ്പിച്ച ഡ്രോൺ (ക്വാഡ്‌കോപ്റ്റർ, ഡിജെഐ മെട്രിസ്, 300 ആർടികെ) ആണ് അന്ന് വെടിവച്ചിട്ടത്. തുടർന്ന് നടന്ന തിരച്ചിലിൽ ഡ്രോൺ വയലിൽ നിന്ന് കണ്ടെടുത്തിരുന്നു. മെയ് 17 , 19 , 20 തീയതികളിൽ വിവിധ ഡ്രോണുകൾ ബിഎസ് എഫ് വെടിവച്ചിട്ടതായാണ് റിപ്പോർട്ടുകൾ.