ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടി. പാന്‍കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ ജൂണ്‍30 നുള്ളില്‍ ലിങ്ക് ചെയ്യണമെന്നാണ് അറിയിപ്പ് . അല്ലാത്ത പക്ഷം പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 139AA പ്രകാരം ഇനി പറയുന്ന കാര്യങ്ങളാണ് നികുതി ദായകര്‍ക്ക് ബാധകമായിരിക്കുന്നത്. 2017 ജൂലൈ 1 മുതല്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ലഭിച്ച (പാന്‍)വർ പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടതാണ്. നിശ്ചയിച്ച പ്രകാരമുള്ള രീതിയിലും, രൂപത്തിലുമാണ് ഇവ തമ്മില്‍ ബന്ധിപ്പിക്കേണ്ടത് എന്ന് ഐടിയുടെ സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.
പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ എന്ത് സംഭവിക്കും?
പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തികൾ തടസപ്പെടും. നികുതിദായകര്‍ക്ക് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനോ, തീര്‍പ്പാക്കാത്ത റിട്ടേണുകള്‍ പ്രോസസ് ചെയ്യുന്നതിനോ, റീഫണ്ടുകള്‍ നല്‍കുന്നതിനോ, തീര്‍പ്പുകല്‍പ്പിക്കാത്ത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ, സാധാരണ നിരക്കില്‍ നികുതി കുറയ്ക്കുന്നതിനോ അവരുടെ പാന്‍ ഉപയോഗിക്കാന്‍ കഴിയാതെ വരും. കൂടാതെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടത്താനും നോ യുവര്‍ ക്ലൈന്റ് (കെവൈസി) പ്രകാരം വ്യക്തി വിവരങ്ങള്‍ കൈമാറാനോ സാധിക്കാതെ വരും. യാതൊരു സാമ്പത്തിക ഇടപാടും നടത്താന്‍ പറ്റാത്ത സാഹചര്യത്തിലേക്കാണ് ഇത് നയിക്കുക .
ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നു ഉറപ്പു വരുത്താം
incpmetax.gov.in/iec/foportal എന്ന ആദായ നികുതി വെബ് സൈറ്റില്‍ പ്രവേശിക്കുക
പേജിന്റെ ഇടതു വശത്തുള്ള 'ക്വിക്ക്' ലിങ്ക് ക്ലിക്ക് ചെയ്യുക
ക്വിക്ക് ലിങ്ക് സെക്ഷനിലെ ലിങ്ക് 'ആധാര്‍ സ്റ്റാറ്റസ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ 10 അക്ക പാന്‍ കാര്‍ഡും 12 അക്ക ആധാര്‍ നമ്പറും ചേര്‍ക്കുക
ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ സ്‌ക്രീനില്‍ ആധാര്‍ നമ്പര്‍ ദൃശ്യമാകും
എസ്എംഎസ് വഴി ലിങ്ക് ചെയ്യാം
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ആളുകള്‍ക്ക് എസ്എംഎസ് വഴിയും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ ഫോണിലെ മെസേജ് ആപ്പില്‍ കയറി UIDPAN (സ്‌പേസ്) 12 അക്ക ആധാര്‍ നമ്പര്‍ (സ്‌പേസ്) 10 അക്ക പാന്‍ നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പരിലേക്കോ അയക്കുക. നിങ്ങള്‍ക്ക് മറുപടി മെസേജായി ലിങ്ക് ചെയ്ത വിവരം ലഭിക്കും.
എങ്ങനെ ബന്ധിപ്പിക്കാം
incometaxindiafiling.gov.in സന്ദര്‍ശിക്കുക.
'ക്വിക്ക് ലിങ്കുകള്‍' എന്നതിന് താഴെയുള്ള 'ലിങ്ക് ആധാര്‍' ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കുക.
നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ പരിശോധിക്കുക.
അവ പൊരുത്തപ്പെടുന്നുവെങ്കില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി 'ഇപ്പോള്‍ ലിങ്ക് ചെയ്യുക' ക്ലിക്ക് ചെയ്യുക.
ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങളുടെ ആധാര്‍ പാനുമായി വിജയകരമായി ലിങ്ക് ചെയ്യുന്നത് സ്ഥിരീകരിക്കും.
ലിങ്ക് ചെയ്യാനായി UTIIISL അല്ലെങ്കില്‍ e -gov NSDL എന്ന വെബ്‌സൈറ്റുകളും സന്ദര്‍ശിക്കാവുന്നതാണ്.
പിഴ
മാര്‍ച്ച് 31നുള്ളില്‍ തന്നെ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു നിയമം .എന്നാല്‍ പിന്നീടത് 1000 രൂപ പിഴയോടു കൂടി മൂന്നു മാസത്തേക്ക് നീട്ടി. ഇപ്പോള്‍ ജൂണ്‍ 30 വരെയാണ് നീട്ടിയത്. ഇപ്പോഴും 1000 രൂപ പിഴ ബാധകമാണ് .