INDIA

അദാനി വിഷയത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, രാഹുലിന്റെ പ്രസംഗം ഉന്നയിച്ച് ഭരണപക്ഷം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

വെബ് ഡെസ്ക്

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലെ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പാർലമെന്റ് പ്രക്ഷുബ്ധമായി. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു.

സഭയിലെത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ 16 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. യോഗത്തിലാണ് അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടാന്‍ ധാരണയായത്. രാഹുലിന്റെ ലണ്ടന്‍ പ്രസംഗത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആക്രമണവും യോഗം ചര്‍ച്ച ചെയ്തതായാണ് സൂചന. നേരത്തെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പ്രഹ്ളാദ് ജോഷി, പീയുഷ് ഗോയല്‍, നരേന്ദ്ര സിംഗ് തോമര്‍, കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍, നിതിന്‍ ഗഡ്കരി തുടങ്ങിയവരുമായാണ് മോദി പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തിയത്.

ലോക്‌സഭയിലെ രാഹുലിന്റെ ഹാജര്‍ എംപിമാരുടെ ശരാശരി ഹാജര്‍ നിലയേക്കാള്‍ താഴെയാണ്

അതേ സമയം രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ഇന്നും ഭരണപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചു . ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന രാഹുലിന്റെ പരാമര്‍ശമാണ് എം പിമാര്‍ ആയുധമാക്കിയത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വന്ന് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.'' രാഹുല്‍ ഗാന്ധി വിദേശത്ത് പോയി രാജ്യത്തെ അപമാനിച്ചു. അദ്ദേഹം പാര്‍ലമെന്റില്‍ വന്ന് രാജ്യത്തോട് മാപ്പ് പറയണം. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ലോക്‌സഭയിലെ അദ്ദേഹത്തിന്റെ ഹാജര്‍ എംപിമാരുടെ ശരാശരി ഹാജര്‍ നിലയേക്കാള്‍ താഴെയാണ് '' - അനുരാഗ് ഠാക്കൂര്‍ കുറ്റപ്പെടുത്തി. രാഹുലിന്റെ ലണ്ടന്‍ പ്രസംഗത്തിനെതിരെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിമര്‍ശനമുന്നയിച്ച കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെ പ്രത്യേകാധികാര ലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നോട്ടീസ് നല്‍കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും