മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവായ ഗൗരവ് ഗൊഗോയി അവതരിപ്പിച്ച പ്രമേയത്തിന്മേലാണ് ചര്‍ച്ച നടക്കുക. അപകീര്‍ത്തിക്കേസില്‍ ശിക്ഷ സുപ്രീംകോടതി സ്‌റ്റേചെയ്തതിനെത്തുടര്‍ന്ന് പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിക്കപ്പെട്ട് തിരിച്ചെത്തിയ രാഹുല്‍ഗാന്ധിയായിരിക്കും കോണ്‍ഗ്രസില്‍നിന്ന് ചര്‍ച്ചയ്ക്ക് തുടക്കമിടുക എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് പത്തിന് മറുപടി നൽകും. അവിശ്വാസ പ്രമേയത്തിന്റെ വിധി എന്തായാലും പാര്‍ലമെന്റ് അടുത്ത മൂന്ന് ദിവസത്തില്‍ ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്കായിരിക്കും സാക്ഷ്യം വഹിക്കുക.
മണിപ്പൂര്‍ കലാപ വിഷയത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് താറാകാതിരിക്കുകയും ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം പരിഗണിക്കാതിരിക്കുകയും ചെയ്തതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നീങ്ങിയത്. ലോക്‌സഭയില്‍ ഭൂരിപക്ഷം എന്‍ഡിഎ സഖ്യത്തിനായതിനാൽ അവിശ്വാസം പരാജയപ്പെടാനാണ് സാധ്യത. എന്നിരുന്നാലും മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം ചർച്ച ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി ഉപനേതാവായ ഗൗരവ് ഗൊഗോയ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിലാണ് ചര്‍ച്ച നടക്കുന്നത്
ഇന്ന് നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി നിര്‍ണായകമായ പ്രസംഗം നടത്തുമെന്ന് തമിഴ്‌നാട് എംപി മാണിക്കം ടാഗോര്‍ ഇന്നലെ അറിയിച്ചിരുന്നു. ലോക്‌സഭയുടെ കാര്യോപദേശക സമിതി 12 മണിക്കൂര്‍ സമയമാണ് അവിശ്വാസ ചര്‍ച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്.
പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ ചില എംപിമാര്‍ വംശീയ കലാപം നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂര്‍ ഈ അടുത്ത് സന്ദര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ശേഷം ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ലമെന്റില്‍ വിഷയത്തെക്കുറിച്ച് വിശദമായി സംസാരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
ലോക്സഭയില്‍ 272 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. നിലവില്‍ എന്‍ഡിഎ സര്‍ക്കാരിന് 331 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. ബിജെപിക്ക് മാത്രം 303 എംപിമാരുണ്ട്. അതായത് ഇതര കക്ഷികളെല്ലാം ഒരുമിച്ചാലും അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ട്. പുതിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് 144 എംപിമാരാണ് ഉള്ളത്. ബിആര്‍എസ്, വൈഎസ്ആര്‍സിപി, ബിജെഡി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് 70 അംഗങ്ങളുമുണ്ട്.
2018 ലാണ് അവസാനമായി നരേന്ദ്രമോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയ വോട്ട് നടന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടതിനെ തുടര്‍ന്നായിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കണമെന്ന് ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്ന ചന്ദ്രബാബു സഖ്യം വിടാന്‍ തീരുമാനിച്ചത്.
നാടകീയ നിമിഷങ്ങളായിരുന്നു 2018 ലെ അവിശ്വാസ പ്രമേയത്തിലുണ്ടായിരുന്നത്
2018 ലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് ശേഷം ജൂലൈ 20 ന് മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തെ 199 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. 126 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 325 പേര്‍ അതിനെ തള്ളി. നാടകീയ നിമിഷങ്ങളായിരുന്നു അന്നത്തെ അവിശ്വാസ പ്രമേയത്തിലുണ്ടായിരുന്നത്. അവിശ്വാസ പ്രമേയത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി പോയി കെട്ടിപ്പിടിച്ചതെല്ലാം വലിയ വിവാദമായിരുന്നു.