പാർലമെന്റ് അതിക്രമ കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ നശിപ്പിച്ച നിലയിൽ രാജസ്ഥാനിൽ നിന്ന് കണ്ടെത്തി. കേസിലെ പ്രധാന ആസൂത്രകനായി കണക്കാക്കപ്പെടുന്ന ലളിത് മോഹൻ ഝാ ഉൾപ്പെടെയുള്ള അഞ്ചുപേരുടെ മൊബൈൽ ഫോണുകളാണ് രാജസ്ഥാനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിന്റെ ഫോട്ടോയുള്‍പ്പെടെ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
ഡൽഹിയിലേക്ക് വരുന്നതിനു മുമ്പ് നാലുപേരുടെയും മൊബൈൽ ഫോണുകൾ നശിപ്പിച്ചിരുന്നു എന്നാണ് ഡൽഹി പോലീസ് ആദ്യം പുറത്ത് വിട്ട വിവരം. എന്നാൽ ഇപ്പോൾ നാലല്ല മൊത്തം അഞ്ച് ഫോണുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, രാജസ്ഥാനിലെത്തിയാണ് അത് ചെയ്തതെന്നും പോലീസ് പറയുന്നു. തെളിവില്ലാതാക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ഫോണുകൾ നശിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. രാജസ്ഥാനിലെ കുചാമണിലാണിൽ നിന്നാണ് കത്തിക്കരിഞ്ഞ ഫോണുകൾ കണ്ടെത്തിയത്.
അന്വേഷണ സംഘത്തെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു. ലളിത് മോഹൻ ജാ തന്റെ കൂടെയുള്ള നാല് പേരുടെ മൊബൈൽ ഫോണുകൾ ആദ്യം നശിപ്പിച്ചെന്നും, ശേഷം ഡൽഹിയിലേക്ക് വരുന്നതിനു തൊട്ടു മുമ്പ് തന്റെ സ്വന്തം ഫോണും നശിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ലളിതിന്റെയും മറ്റു നാലുപേരുടെയും സിം കാർഡ് വിവരങ്ങൾ ലഭിക്കുന്നതിനായി അന്വേഷണസംഘം സേവനദാതാക്കളുമായി ബന്ധപ്പെട്ടു കഴിഞ്ഞു.
തീപിടിക്കാത്ത ജെല്ലുകൾ ശരീരത്തിൽ തേച്ച്, ജീവൻ പോകില്ലെന്നുറപ്പാക്കി ആത്മഹത്യാ ഭീഷണി ഉയർത്താനും ഇവർക്ക് ഉദ്ദേശമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇത് മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമായാണ് പോലീസ് കാണുന്നത്. ഡിസംബർ 13നാണ് തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ച്, 'ഏകാധിപത്യം തുലയട്ടെ' എന്ന മുദ്രാവാക്യമുയർത്തി രണ്ടുപേർ പാർലമെന്റ് നടുത്തളത്തിൽ അതിക്രമിച്ച് കടന്നത്. സാഗർ ശർമയും മനോരഞ്ജൻ ഡിയുമാണ് ലോക്സഭയിലെ സന്ദർശക ഗാലറിയിൽ നിന്ന് നടുത്തളത്തിലേക്ക് ചാടിയത്. പല നിറങ്ങളിലുള്ള പുക പറത്തിയാണ് ഇവർ പാർലമെന്റിൽ പ്രതിഷേധിച്ചത്.
അതേസമയം അമോൽ ഷിൻഡെ, നീലം ദേവി എന്നിങ്ങനെ മറ്റ് രണ്ടുപേർ പാർലമെന്റിനു പുറത്ത് പടക്കം പൊട്ടിച്ചും പുക പറത്തിയും പ്രതിഷേധിച്ചു. പാർലമെന്റിലെ പ്രതിഷേധത്തിന്റെ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് അഞ്ചാമത്തെ പ്രതിയായി ലളിത് മോഹൻ ജാ അറസ്റ്റ് ചെയ്യപ്പെടുന്നത്.