ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ നാലാം ദിനവും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോള്‍ അദാനി വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിരോധിച്ചത്. സഭയില്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നുവെന്ന് ആരോപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വായ മൂടിക്കെട്ടി രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അനുവദിച്ചാൽ പാർലമെന്റിൽ സംസാരിക്കാൻ തയ്യാറെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അദാനി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 'അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിക്കുമ്പോള്‍ ഭരണപക്ഷം സഭാ നടപടികള്‍ തുടരാന്‍ അനുവദിക്കില്ല. ഗൗതം അദാനിയുടെ പേര് ആരെങ്കിലും പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത് ബിജെപി ഭയപ്പെടുകയാണ്'. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര മാധ്യമങ്ങളോട് പറഞ്ഞു.
ജെ പി സി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു
ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗവും അദാനി വിഷയവും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കുകയാണ്. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയാലും കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് ബിജെപി നിലപാട്. അതേസമയം അദാനി വിഷയത്തിൽ ജെ പി സി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. മനുഷ്യച്ചങ്ങല തീർത്തായിരുന്നു എംപി മാരുടെ പ്രതിഷേധം.
അദാനി വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു.' ഭരണപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ഇതിന് മുൻപ് കേട്ടിട്ടുണ്ടോ ? അവര്‍ ദിവസവും ആദ്യം എഴുന്നേറ്റ് നിന്ന് മാപ്പ് മാപ്പ് എന്ന് ആവശ്യപ്പെടുകയാണ്. പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നത് അവരാണ്. അവരാണ് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്'- ഖാര്‍ഗെ പറഞ്ഞു.
'രാഹുല്‍ ഗാന്ധി എന്തെങ്കിലും പറയുകയും അതിന്റെ പേരില്‍ കോണ്‍ഗ്രസിന് പ്രശ്‌നമുണ്ടാകുകയും ചെയ്താല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. പക്ഷേ അദ്ദേഹം നമ്മുടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെങ്കില്‍, ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല. രാജ്യത്തെ അപമാനിക്കാന്‍ നിങ്ങളെ അനുവദിക്കില്ല. രാജ്യത്തെ അപമാനിച്ചതിന് രാഹുല്‍ മാപ്പ് പറയണം എന്നതാണ് ഞങ്ങളുടെ ഒരേയൊരു ആവശ്യം'- കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു പറഞ്ഞു.