രാജ്യത്ത് രണ്ടാം കോവിഡ് തരംഗവും കൂടുതല്‍ മരണങ്ങളുമുണ്ടായതിന് കാരണം കേന്ദ്ര സര്‍ക്കാരിന്‌റെ അശ്രദ്ധയാണെന്ന കുറ്റപ്പെടുത്തലുമായി പാര്‍ലമെന്‌ററി സമിതി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‌റെ അനാസ്ഥയാണ് രണ്ടാം തരംഗത്തില്‍ മരണസംഖ്യ ഉയരാനിടയാക്കിയതെന്ന് പാര്‍ലമെന്‌ററി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പ്രാരംഭഘട്ടത്തില്‍ തന്നെ വൈറസിന്‌റെ സ്വഭാവം തിരിച്ചറിയാനും ജനങ്ങള്‍ക്ക് അവബോധം നല്‍കാനും കഴിയാതെ പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു . ഓക്‌സിജന്‍ നിഷേധിക്കപ്പെട്ട് ആളുകള്‍ മരിച്ചത് അസ്വസ്ഥതയുളവാക്കുന്നതാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം വിഷയത്തെ ഗൗരവമായി സമീപിക്കാതിരുന്നതിന്‌റെ അനന്തരഫലം വലുതായിരുന്നു എന്നും രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സമാജ്‌വാദി പാര്‍ട്ടി എംപി റാം ഗോപാല്‍ യാദവ് അധ്യക്ഷനായ സമിതി ആറ് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്.
ഓക്‌സിജന്‍ അപര്യാപ്തതയെ തുടര്‍ന്ന് മരിച്ചവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോലും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരെ കോവിഡ് മരണത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള മാർഗനിർദേശം പോലും കേന്ദ്രം തയ്യാറാക്കിയില്ല. ഓക്‌സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്ന് മെഡിക്കല്‍ രേഖകളില്‍ എവിടെയും സൂചിപ്പിക്കുന്നില്ല. മറ്റ് ലക്ഷണങ്ങളാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ കൃത്യമായ കണക്കെടുക്കുകയും കോവിഡ് മരണങ്ങളായി രേഖപ്പെടുത്തുകയും ചെയ്യണം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാനായി മരുന്ന് കമ്പനികളുമായി ധാരണയില്‍ എത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പാര്‍ലമെന്ററി സമിതി ആരോപിക്കുന്നു. വാക്‌സിന്‍ വേഗത്തില്‍ എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സാഹചര്യം ഇത്രത്തോളം മോശമാകുമായിരുന്നില്ല . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‌റെ ബൗദ്ധിക സ്വത്തവകാശം ഉറപ്പിക്കാന്‍ കേന്ദ്രം കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊതുമേഖലാ യൂണിറ്റുകള്‍ക്ക് കീഴില്‍ കോവാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.