INDIA

സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഉദ്യോഗസ്ഥര്‍ക്കും പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നോട്ടീസ്; ഒക്ടോബര്‍ 24ന് ഹാജരാകണം

വെബ് ഡെസ്ക്

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബച്ചിനോടും മറ്റ് ഉദ്യോഗസ്ഥരോടും ഒക്ടോബര്‍ 24 ന് ഹാജരാകാന്‍ പാര്‍ലമെന്ററി നിരീക്ഷണ സമിതിയായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) നോട്ടീസ് നല്‍കി.

സെബിയുടെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മാധബി ബുച്ചിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യങ്ങളായി ഉയരുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ സെബിയുടെ നിഷ്പക്ഷ നിലപാട് സംബന്ധിച്ച് സമിതിയിലെ അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പിഎസി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും 'അദാനി പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച ഷെല്‍ കമ്പനികളില്‍ ഓഹരിയുണ്ടായിരുന്നു' എന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പിഎസിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ബുച്ചിനെ വിളിച്ചുവരുത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ലമെന്റ് അനുവദിച്ച സാമ്പത്തികം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സെബിയുടെയോ മറ്റേതെങ്കിലും റെഗുലേറ്ററി ബോഡിയുടെയോ പ്രവര്‍ത്തനം പിഎസിക്ക് അവലോകനം ചെയ്യാന്‍ കഴിയൂ എന്ന എതിര്‍വാദം ബിജെപി അംഗം ഉയര്‍ത്തിയിരുന്നു. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സെബിക്കെതിരെയല്ല, ഒരു വ്യക്തിക്കെതിരെയാണെന്നാണ് ബിജെപിയുടെ വാദം.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതേസമയം റിപ്പോര്‍ട്ട് തള്ളി മാധബി ബുച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.

'ഹിന്‍ഡന്‍ബര്‍ഗ് സ്വഭാവഹത്യ നടത്തുകയാണ്. ഏത് ഏജന്‍സിക്കും രേഖകള്‍ നല്‍കാന്‍ തയ്യാറാണ്. ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ പ്രതികാരമാണ് നിലവില്‍ നടത്തുന്നത്. എന്റെ ജീവിതവും സാമ്പത്തിക ഇടപാടുകളും ഒരു തുറന്ന പുസ്തകമാണെന്നായിരുന്നു ബുച്ചിന്റെ പ്രതികരണം.

അദാനിക്കെതിരെ മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ പുറത്ത് വിട്ട റിപ്പോര്‍ട്ട്. 2023 ജനുവരി 24നായിരുന്നു റിപ്പോര്‍ട്ട് പുറത്ത് വന്നത്. വിദേശത്ത് കടലാസ് കമ്പനികള്‍ രൂപീകരിച്ച്, അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു പ്രധാന ആരോപണം.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ആശ്വാസം, കുറ്റവിമുക്തനാക്കി കോടതി

'വലിയ അപകടം'; ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തണമെന്ന് ട്രംപ്

'യൂട്യൂബ് ചാനൽ ക്യാമറകൾ പ്രൈവസിയെ ബാധിക്കാറുണ്ട്'; മിയ

പിഎഫ് കുടിശിക 65 കോടിയിലധികം; സ്‌പൈസ് ജെറ്റ് എംഡിക്കെതിരെ കേസ്

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ; മരണം അര്‍ബുദത്തെത്തുടര്‍ന്ന്‌