അഴിമതി, വഞ്ചന, മുതലക്കണ്ണീർ, ഏകാധിപതി, സ്നൂപ് ഗേറ്റ് എന്നീ വാക്കുകൾ ഇനി മുതൽ പാർലമെന്റിൽ ഉപയോഗിക്കാനാവില്ല. സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന പല വാക്കുകളെയും 'അൺപാർലമെന്ററി' പട്ടികയിൽ ചേർത്തു. തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരുഷമോ കുറ്റകരമോ ആയി കണക്കാക്കാവുന്ന വാക്കുകളും പദപ്രയോഗങ്ങളുമാണ് സാധാരണയായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ പട്ടിക സർക്കാരിനെ വിമർശിക്കാനുള്ള അധികാരത്തെ റദ്ദ് ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പുതിയ പട്ടികയിൽ 'അരാജകവാദി', 'ശകുനി', 'സ്വേച്ഛാധിപതി', 'ഖലിസ്ഥാനി', 'എന്നിങ്ങനെയുള്ള വാക്കുകൾ ചേർത്തിട്ടുണ്ട്. സഭ സമ്മേളനത്തിനിടയിൽ പട്ടികയിലുള്ള വാക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ പാർലമെന്റ് രേഖകളിൽ നിന്ന് ഒഴിവാക്കാനുള്ള ചുമതല ലോക് സഭ സ്‌പീക്കർക്കും രാജ്യ സഭ ചെയർപേഴ്‌സണുമാണുള്ളത്.
ചർച്ചയ്ക്കിടെ അപകീർത്തികരമോ അൺപാർലമെന്ററിയോ അശ്ലീലമോ നിർവികാരമോ ആയ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സ്പീക്കർക്ക് അഭിപ്രായമുണ്ടെങ്കിൽ, അവ സഭയുടെ നടപടികളിൽ നിന്ന് നീക്കം ചെയ്യാൻ അദ്ദേഹത്തിന് ഉത്തരവിടാമെന്ന് ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും 380ാം ചട്ടം പറയുന്നു.
അതേസമയം, മോദി സർക്കാരിന്റെ ചെയ്തികളെ വിവരിക്കാൻ ഉപയോഗിക്കുന്ന വാക്കുകളെല്ലാം ഇപ്പോൾ അൺപാർലമെന്ററി ആക്കിയെന്നായിരുന്നു കോൺഗ്രസ് എം.പി ജയറാം രമേശിന്‍റെ പരിഹാസം കലര്‍ന്ന ട്വീറ്റ്.
1999ലാണ് അൺ പാർലമെന്ററി വാക്കുകൾ ആദ്യമായി സംഗ്രഹിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുൻപുള്ള സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി, ഇന്ത്യൻ ഭരണഘടനാ അസംബ്ലി, പത്താമത്തേത് വരെയുള്ള ലോക്സഭാ, രാജ്യസഭാ സമ്മേളനങ്ങൾ, യു കെയിലെ കോമൺവെവെൽത്ത് പാർലമെന്റുകൾ എന്നിവ മോശമെന്ന് ചൂണ്ടികാട്ടിയിരുന്ന വാക്കുകളെയാണ് അൺ പാർലമെന്ററിയായി അന്ന് കൂട്ടിച്ചേർത്തത്.
അതിനുശേഷം 2004 ലാണ് അൺപാർലമെന്ററി വാക്കുകളുടെ 900 പേജുകളുള്ള പതിപ്പ് പുറത്തിറങ്ങുന്നത്. ജി.സി മൽഹോത്രയായിരുന്നു എഡിറ്റോറിയൽ സമിതി അധ്യക്ഷൻ. പ്രിസൈഡിങ് ഓഫീസർമാരുടെ ഉത്തരവുകളനുസരിച്ച് പുതിയ വാക്കുകൾ ഇനിയും കൂട്ടിച്ചേർക്കാവുന്നതാണെന്ന ഉപാധിയും വെച്ചിരുന്നു.
പുതിയതായി ഒഴിവാക്കിയ വാക്കുകൾ
രക്തച്ചൊരിച്ചിൽ, ക്രൂരമായ, വഞ്ചിച്ചു, നാണക്കേടുള്ള, അപമാനിക്കപ്പെട്ട, ഭീരു, കുറ്റവാളി, മുതലക്കണ്ണീർ, നാടകം, കഴുത, കൃത്രിമം, കാപട്യം, അയോഗ്യൻ, ചതിക്കുക, നുണ, സത്യവിരുദ്ധമായ, അരാജകത്വവാദി, ഗുണ്ടകൾ, വിഡ്ഢിത്തമായ.