സ്വതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ട, 139 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയില്‍ താഴെയെന്ന് കണക്കുകള്‍. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലാകെ 7.2 ശതമാനം പേര്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ടുള്ളത്. ഏകദേശം 9.6 കോടി. ഇത് പത്ത് കോടിയിലെത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പത്ത് കോടിയിലെത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും
ഇന്ത്യയിലെ ആകെ പാസ്പോര്‍ട്ട് ഉടമകളുടെ വലിയൊരു ഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2.2 കോടിയോളം പാസ്പോര്‍ട്ടുകളാണ് ഈ രണ്ട് സംസ്ഥാനങ്ങളിലുമായുള്ളത്. രണ്ട് സംസ്ഥാനങ്ങളിലും ഒരു കോടിയിലധികം പാസ്‌പോര്‍ട്ട് ഉടമകളുണ്ട്. കേരളത്തിലെ ആകെ ജന സംഖ്യയുടെ 31.6 ശതമാനത്തിനും പാസ്‌പോര്‍ട്ട് സ്വന്തമായുണ്ട്.
തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളാണ് കൂടുതല്‍ പാസ്‌പോര്‍ട്ട് ഉടമകളുള്ള മറ്റ് സംസ്ഥാനങ്ങള്‍. 97 ലക്ഷത്തോളമാണ് തമിഴ്‌നാട്ടിലെ പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണം. തമിഴ്‌നാടും, മഹാരാഷ്ട്രയും കേരളത്തേക്കാള്‍ ജന സംഖ്യയുള്ള സംസ്ഥാനങ്ങളാണെന്നതും ശ്രദ്ധേയമാണ്. തമിഴ്നാടിനേക്കാള്‍ രണ്ടിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇവിടെ 87.9 ലക്ഷം പാസ്പോര്‍ട്ട് ഉടമകളാണുള്ളത്.
പഞ്ചാബില്‍ 77 ലക്ഷവും, ഗുജറാത്തില്‍ 67.6 ലക്ഷവും, കര്‍ണാടകയില്‍ 66 ലക്ഷം പേര്‍ക്കും പാസ്‌പോര്‍ട്ടുകളുണ്ട്. രാജ്യത്തെ മൊത്തം പാസ്പോര്‍ട്ട് ഉടമകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കുറവ് പാസ്പോര്‍ട്ട് ഉടമകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്.
കേരളത്തിലെ ആകെ ജന സംഖ്യയുടെ 31.6 ശതമാനത്തിനും പാസ്‌പോര്‍ട്ട് സ്വന്തമായുണ്ട്.
എന്നാല്‍, അടുത്തിടെയായി രാജ്യത്തുനിന്നും വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പാസ്പോര്‍ട്ട് വിതരണത്തിന്റെ തോത് തോതില്‍ ഉണ്ടായ വര്‍ധന ഇതിന്റെ സൂചനയാണ് എന്നാണ് വിലയിരുത്തല്‍.
നടപടി ക്രമങ്ങള്‍ ഉദാരമാക്കിയത് പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്
അതേസമയം, നടപടി ക്രമങ്ങള്‍ ഉദാരമാക്കിയത് പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. ഈ ഡിസംബറോടെ 1.1 കോടി പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയുമെന്നാണ് വിലയിരുത്തല്‍. പത്ത് വര്‍ഷത്തിനിടെപാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014 ലെ കണക്കുകളോട് താരതമ്യം ചെയുമ്പോള്‍ 340 ശതമാനമാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടിയത്. 2015 നും 2022 നും ഇടയില്‍ ഏകദേശം 368 പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.
പാസ്പോര്‍ട്ട് വിതരണത്തിലുണ്ടായിരുന്ന കാല താമസവും വലിയ തോതില്‍ കുറയുകയും ചെയ്തു. 2015 ല്‍ പാസ്‌പോര്‍ട്ട് വിതണത്തിനായി 15 ദിവസത്തെ കാലയളവ് അവശ്യമായിരുന്നു. എന്നാല്‍ ഇന്ന് 2022 ല്‍ കേവലം ആറ് ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.