INDIA

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

പിത്തോരാഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് ആറ് മാസം തടവും പിഴയും വിധിച്ചത്.

വെബ് ഡെസ്ക്

ഉത്തരേന്ത്യയിലെ പ്രധാന പലഹാരങ്ങളിൽ ഒന്നായ സോൻ പാപ്ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പതഞ്ജലിയുടെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. പിത്തോരാഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് ആറ് മാസം തടവും പിഴയും വിധിച്ചത്.

പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ അഭിഷേക് കുമാർ, കച്ചവടക്കാരനായ ലീലാ ധർ പഥക്, വിതരണക്കാരനായ അജയ് ജോഷി എന്നിവർക്കാണ് കോടതി പിഴയും തടവ് ശിക്ഷയും വിധിച്ചത്.

2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ബെറിനാഗിലെ മാർക്കറ്റിൽ പതഞ്ജലിയുടെ ഉത്പന്നങ്ങൾ വിൽക്കുന്ന ലീലാ ധർ പഥകിന്റെ കടയിൽ ഭക്ഷ്യസുരക്ഷാ ഇൻസ്പെക്ടർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് പതഞ്ജലി നവരത്‌ന എലൈച്ചി സോൻ പാപ്ഡി പരിശോധനയ്ക്ക് എടുക്കുകയായിരുന്നു.

തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് സോൻ പാപ്ഡിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. കേസിൽ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ മൂന്ന് പേർക്കെതിരെയും കേസെടുക്കുകയായിരുന്നു.

കോടതിയിൽ എത്തി വിശദമായ വാദത്തിനൊടുവിലാണ് ജസ്റ്റിസ് സഞ്ജയ് സിങ് ശിക്ഷ വിധിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 59 പ്രകാരം ലീലാ പഥകിന് 5000 രൂപയും അജയ് ജോഷിക്ക് 10000 രൂപയും അഭിഷേക് കുമാറിന് 25000 രൂപയും പിഴയും മൂന്ന് പേർക്കും ആറ് മാസം തടവും വിധിക്കുകയായിരുന്നു.

മൂന്ന് പ്രതികളും പിഴ ഒടുക്കിയില്ലെങ്കിൽ ഏഴ് ദിവസം മുതൽ ആറ് മാസം വരെ അധിക തടവ് അനുഭവിക്കണമെന്നും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. അതേസമയം പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നൽകിയ കേസിൽ വിധി പറയാനായി സുപ്രീം കോടതി മാറ്റിവച്ചു.

നേരത്തെ പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിർമാണ ലൈസൻസ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസെൻസിങ് അതോറിറ്റി (എസ്എൽഎ) റദ്ദാക്കിയിരുന്നു. ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് റൂൾസ് 1954ലെ റൂൾ 159(1) പ്രകാരമായിരുന്നു നടപടി. സഹോദര സ്ഥാപനമായ ദിവ്യ ഫാർമസിയുടേയും ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് നിയമവിരുദ്ധമായി പരസ്യം നൽകിയതിൽ നടപടിയെടുക്കാത്തത്തിൽ ഏപ്രിൽ 10ന് സുപ്രീംകോടതി അതോറിറ്റിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

പതഞ്ജലി ആയുർവേദ്, കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകൻ ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ 1954ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമെഡീസ് നിയമപ്രകാരം ഹരിദ്വാർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ക്രിമിനൽ പരാതി നൽകിയിട്ടുണ്ടെന്നും എസ്എൽഎ കോടതിയെ അറിയിച്ചിരുന്നു.

സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസരി അവലെ, മുക്ത വതി എക്‌സ്ട്ര പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വതി എക്‌സ്ട്ര പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോൾഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്സ് എന്നീ ഉത്പന്നങ്ങളുടെ നിർമാണ ലൈസൻസാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിർമാണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും എസ്എൽഎ നിർദേശിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ