INDIA

മൂന്ന് മാസമായി ജൂനിയർ ഡോക്ടർമാരുടെ സമരം; ആർജി കർ ആശുപത്രി സേവനങ്ങൾ സ്തംഭിച്ചു, രോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു

മിക്ക ആശുപത്രികളിലെയും പോലെ, ആർജി കാറിലെ 700-ഓളം ജൂനിയർ ഡോക്ടർമാരാണ് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിൽ പ്രധാന പങ്ക് വഹിക്കുന്നത്

വെബ് ഡെസ്ക്

ആർജി കർ ഹോസ്പിറ്റലിലെ ജൂനിയർ ഡോക്‌ടർമാർ കഴിഞ്ഞ മൂന്ന് മാസമായി നടത്തുന്ന പണിമുടക്കിൽ ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭിച്ചതായി റിപ്പോർട്ട്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞു. വലിയ ശസ്ത്രക്രിയകൾ 91 ശതമാനം കുറഞ്ഞു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള രോഗികളുടെ ഡാറ്റയിലാണ് സർക്കാർ നടത്തുന്ന ആശുപത്രിയിലെ രോഗികളുടെ എണ്ണം കുറഞ്ഞതായി കാണിക്കുന്നത്.

ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത്തുയൊന്നുകാരിയായ ഡോക്ടറുടെ മൃതദേഹം ആശുപത്രിയുടെ നാലാം നിലയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തിയത്. ബലാല്‍സംഗ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വലിയ പ്രതിഷേധങ്ങൾ തുടങ്ങുകയായിരുന്നു. തങ്ങളുടെ സുരക്ഷയ്ക്കായി നിയമം വേണമെന്നും, ഉയർന്ന പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നിരത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഈ ആവശ്യങ്ങളിൽ ചിലത് മാത്രം അംഗീകരിക്കാൻ സർക്കാർ തയ്യാറായതോടെ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് കടന്നു.

തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജൂനിയർ ഡോക്ടർമാർ സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സമരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് ആർജി കറിലെ രോഗി പരിചരണം വലിയ പ്രതിസന്ധിയിലായത്.

ജൂലൈയിൽ ആർജി കറിന് ഔട്ട്-പേഷ്യൻ്റ് വിഭാഗത്തിൽ പ്രതിദിനം ശരാശരി 5,106 രോഗികളും ഇൻ-പേഷ്യൻ്റ് വിഭാഗത്തിൽ 256 രോഗികളും എത്തിയതായി ഡാറ്റ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഒക്ടോബറിലേക്ക് വരുമ്പോൾ എണ്ണം യഥാക്രമം 2,362 ആയി കുറഞ്ഞു (53%), 122 ( 52% ) എന്നിങ്ങനെ. ഓഗസ്റ്റിലാണ് ഒപിഡിയിൽ ഏറ്റവും കുറവ് ആളുകൾ എത്തിയത്. വെറും 2,044 രോഗികൾ ആണ് ആ മാസം ഔട്ട്-പേഷ്യൻ്റ് വിഭാഗത്തിൽ ചികിത്സ തേടിയത്.

ആശുപത്രി അധികൃതർ പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 1 നും 8 നും ഇടയിലുള്ള ആഴ്‌ചയിൽ ആകെ 23,000 രോഗികൾ - അതായത് പ്രതിദിനം ശരാശരി 2,875 എന്ന നിരക്കിലാണ് ഒപിഡി വിഭാഗം സന്ദർശിച്ചത്. എന്നാൽ ഓഗസ്റ്റ് 9 ലെ ബലാത്സംഗ കൊലയ്ക്ക് ശേഷം ഒപിഡിയിലെ രോഗികളുടെ എണ്ണം 100-ന് അടുത്ത് കുറഞ്ഞു. ഓഗസ്റ്റ് 15 ന് ശേഷം ജനക്കൂട്ടം പ്രതിഷേധക്കാരെ ആക്രമിക്കുകയും ആശുപത്രി നശിപ്പിക്കുകയും ചെയ്തതോടെ ഇത് പൂജ്യത്തിലേക്ക് വീണു.

പുതിയ പ്രിൻസിപ്പൽ ഡോ.മനസ് ബന്ദോപാധ്യായ ചുമതലയേറ്റത്തിന് പിന്നാലെ ആ മാസാവസാനം വരെ ഏകദേശം 900 രോഗികൾ ദിവസവും ആശുപത്രി സന്ദർശിച്ചിട്ടുണ്ട്. സിഐഎസ്എഫ് സുരക്ഷയും മെച്ചപ്പെട്ട സുരക്ഷാ നടപടികളും ഏർപ്പെടുത്തിയതിൽ പിന്നെ രോഗികളുടെ സന്ദർശനം ക്രമേണ പുനരാരംഭിക്കുന്നുണ്ടെന്ന് ഡോ ബന്ദോപാധ്യായ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എന്നാൽ മേജർ സർജറികളുടെ കാര്യത്തിൽ ഈ പുരോഗമനം ഉണ്ടായിട്ടില്ല.

മിക്ക ആശുപത്രികളിലെയും പോലെ, ആർജി കറിലെ 700-ഓളം ജൂനിയർ ഡോക്ടർമാരാണ് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിൽ പ്രധാന പങ്ക് വഹിക്കുന്നത്. മുതിർന്ന ഡോക്‌ടർമാർ ഓവർടൈം ജോലി ചെയ്‌തിരുന്നുവെങ്കിലും ഒപിഡിയിലും ഐപിഡിയിലും രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലബോറട്ടറി അടക്കമുള്ള സേവനങ്ങളിലും ആളുകള്‍ വരുന്നതില്‍ കുറവ് വന്നിട്ടുണ്ട് . ആർജി കറിൻ്റെ ലാബുകൾ ജൂലൈയിൽ പ്രതിദിന ശരാശരി 2,467 ടെസ്റ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് ഓഗസ്റ്റിൽ 928 ആയി കുറയുകയും സെപ്റ്റംബറിൽ 518 ആയും ഒക്ടോബറിൽ ഇതുവരെയുള്ള ഏറ്റവും താഴ്ന്നത് നിലയിലേക്ക് ( 417) മാറുകയും ചെയ്തു.

ഓഗസ്റ്റ് 9-ലെ സംഭവത്തിനും പ്രതിഷേധത്തിനും ശേഷം, ആശുപത്രിയിലേക്കുള്ള പ്രവേശനം അനിയന്ത്രിതമായി തുടരുന്നുണ്ടെങ്കിലും, പ്രവേശന കവാടത്തിൽ പോലീസ് സാന്നിധ്യം ഉണ്ട്. ട്രോമ വാർഡ്, എമർജൻസി അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, മറ്റ് നിർണായക വകുപ്പുകൾ തുടങ്ങിയ പ്രധാന മേഖലകളിലെ സുരക്ഷാ ചുമതല സിഐഎസ്എഫിനാണ്.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി