'മോദി' പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്. ഏപ്രില്‍ 12ന് ഹാജരാകാനാവശ്യപ്പെട്ട് പട്‌ന കോടതി രാഹുലിന് നോട്ടീസ് അയച്ചു. സൂറത്ത് കോടതി ശിക്ഷ വിധിച്ച സമാനമായ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് നടപടി. പട്നയിലെ കേസില്‍ രാഹുല്‍ നിലവില്‍ ജാമ്യത്തിലാണ്.
2019ല്‍ കർണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് പട്നയില്‍ പരാതി നല്‍കിയത്. മോദി സമുദായത്തെ കള്ളന്മാരെന്ന് വിളിച്ച് രാഹുല്‍ അപമാനിച്ചെന്നാണ് പരാതി. കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ സമയം നീട്ടി ചോദിക്കുമെന്നാണ് സൂചന.
സമാനമായ കേസിൽ ഗുജറാത്ത് സൂറത്തിലെ കോടതി രാഹുലിനെ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. തുടർന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനായിരിക്കുന്നു. സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഉടൻ അപ്പീൽ സമർപ്പിക്കും. കേസിനാധാരമായ പ്രസംഗം നടത്തിയ കോലാറിൽ രാഹുൽ ഏപ്രില്‍ അഞ്ചിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നുണ്ട്. ഇതിനു മുൻപായി അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വയനാട്ടില്‍ രാഹുല്‍ നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനും സാധ്യതയുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിന്‌റെ വിശദാംശം തേടി രാഹുലിന് ഡല്‍ഹി പോലീസ് അടുത്തിടെ നോട്ടിസ് നൽകിയിരുന്നു. മറുപടി നല്‍കാന്‍ രാഹുല്‍ തേടിയ സാവകാശം ഇന്നവസാനിക്കും. പീഡനത്തിനിരയായ പെണ്‍കുട്ടികളോട് സംസാരിച്ചുവെന്ന് രാഹുൽ പ്രസംഗത്തിനിടെ പരാമര്‍ശിച്ചതിന്റെ വിശദാംശങ്ങളാണ് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടത്. വീട്ടിലെത്തിയായിരുന്നു പോലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്.
അതിനിടെ, രാഹുലിനെതിരെ ലണ്ടനില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി പറഞ്ഞു. എന്തിനാണ് താനുള്‍പ്പെടുന്ന സമൂഹത്തെ രാഹുല്‍ കള്ളന്മാരെന്ന് വിളിച്ചത്? തനിക്കെതിരായ കേസുകളിലൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാക്കളുടേത് പകപോക്കല്‍ നടപടിയാണോയെന്നും അദ്ദേഹം ചോദിച്ചു.
രാഹുലിന്‌റെ അയോഗ്യതാ വിഷയത്തില്‍ പ്രതികരണവുമായി ജര്‍മനി രംഗത്തെത്തി. വിഷയത്തില്‍ ജനാധിപത്യ തത്വങ്ങളുടെയും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്‌റെയും അടിസ്ഥാന മാനദണ്ഡങ്ങള്‍ ബാധകമാകണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.